തെക്കൻ ചൈനീസ് ഉൾക്കടലിൽ നിന്ന് അമേരിക്കന്‍ ഡ്രോണ്‍ ചൈനീസ് നാവിക സേന പിടിച്ചെടുത്തു

By Web DeskFirst Published Dec 17, 2016, 2:36 AM IST
Highlights

അമേരിക്കന്‍ നാവിക സേനയുടെ യു.എസ്.എന്‍.എസ് ബോഡിച്ച് എന്ന കപ്പലില്‍ നിന്ന് പുറപ്പെട്ട ഡ്രോണാണ് പിടിച്ചെടുത്ത്. കടല്‍ വെള്ളത്തിന്റെ താപനില പോലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ഓഷന്‍‍ ഗ്ലൈഡര്‍ എന്ന സംവിധാനമാണ് ഇതില്‍ ഉണ്ടായിരുന്നതെന്നും അമേരിക്ക വിശദീകരിച്ചു.  ഇത് ഉടൻ തിരിച്ചേൽപ്പിക്കണമെന്നും അമേരിക്ക ഔദ്യോഗികമായി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായി കടലില്‍ സൈനിക സര്‍വേ നടത്താനാണ് ഡ്രോണ്‍ ഉപയോഗിച്ചിരുന്നതെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു.  ചൈനീസ് നാവിക സേനുടെ എ.എസ്.ആര്‍ 510 എന്ന കപ്പലാണ് ഡ്രോണ്‍ പിടിച്ചെടുത്തത്. ഉടന്‍ തന്നെ ഇത് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കപ്പലില്‍ നിന്ന് റേഡിയോ സന്ദേശം അയച്ചെങ്കിലും ചൈനീസ് നാവിക സേന അത് അവഗണിക്കുകയായിരുന്നു. 

തെക്കന്‍ ചൈനീസ് കടലില്‍ ചൈന നിര്‍മ്മിച്ച ഏഴ് കൃത്രിമ ദ്വീപുകളില്‍ അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ദ്വീപുകള്‍ക്ക് മുകളിലൂടെ നേരത്തെ അമേരിക്കന്‍ വിമാനങ്ങള്‍ പറന്നതും ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ നാവികസേനയുടെ ഡ്രോൺ ചൈന പിടിച്ചെടുത്തത്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

click me!