പാകിസ്ഥാന് തിരിച്ചടിയായി ചൈനീസ് നിലപാട്

By Web DeskFirst Published Sep 22, 2017, 7:44 PM IST
Highlights

ബീജിംഗ്: പാകിസ്ഥാന്‍ നീക്കത്തിന് തിരിച്ചടിയായി കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ചൈന വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി പരിഹരിക്കേണ്ടതാണെന്ന് ചൈന അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ചെനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് വ്യക്തമാക്കി.
 
കശ്മീര്‍ പ്രശ്‌നത്തില്‍ ചൈന മധ്യസ്ഥം വഹിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) അഭ്യര്‍ത്ഥിച്ചിരുന്നു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന നിലപാട് എടുത്തത്.

കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം നടപ്പിലാക്കാന്‍ ചൈന സമ്മര്‍ദ്ദം ചെലുത്തണമെന്നായിരുന്നു ഒ.ഐ.സിയുടെ അഭ്യര്‍ത്ഥന. എന്നാല്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് ചൈന വ്യക്തമാക്കിയിരിക്കുകയാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ ചൈനയുടെ നിലപാട് വ്യക്തമാണ്. 

കശ്മീര്‍ പ്രശ്‌നം ഇന്ത്യയ്ക്കും ചൈനയ്ക്കും തന്നെ പരിഹരിക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും സാധിക്കുമെന്നാണ് ചൈന കരുതുന്നതെന്നും കാങ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഒ.ഐ.സി അംഗരാജ്യങ്ങള്‍ രണ്ട് ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം കശ്മീര്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹീദ് ഖഖന്‍ അബ്ബാസി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി. കശ്മീരി പൗരന്‍മാര്‍ക്കെതിരെ ഇന്ത്യയുടെ അതിക്രമം തുടരുകയാണെന്നും ഇക്കാര്യം അന്വേഷിക്കുന്നതിന് പ്രത്യേക യു.എന്‍ സംഘത്തെ അയക്കണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

എന്നാല്‍ ഇതിനെ തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാന്‍ ഭീകരവാദം കയറ്റി ആയക്കുന്ന രാജ്യമാണെന്നും, ടെററിസ്ഥാന്‍ ആണെന്നും വിശേഷിപ്പിച്ചു.

click me!