ഇന്ന് ചിങ്ങം ഒന്ന്; സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് ഒരു ഓണക്കാലം കൂടി

By Web DeskFirst Published Aug 17, 2017, 6:35 AM IST
Highlights

ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. 

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. 

എല്ലാം ഇന്ന് സങ്കല്‍പം മാത്രമാണ്. ചിങ്ങത്തിലെങ്കിലും മഴ കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനവും കര്‍ഷകരും ഇപ്പോള്‍. അത്രമാത്രം ദുരിതം തന്നു, പോയ വര്‍ഷത്തെ വര‍ള്‍ച്ചയും തൊട്ടുപിന്നാലെയെത്തി പ്രതീക്ഷകള്‍ അസ്ഥാനത്താക്കി പോയ മഴയും. തല്‍ക്കാലത്തേക്കെങ്കിലും ഇതെല്ലാം  മറക്കാം. എന്നിട്ട് ഊഞ്ഞാലേറിയെത്തുന്ന പൊന്നിന്‍ചിങ്ങത്തെ വരവേല്‍ക്കാം. ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി  നീക്കിവക്കാം. 

എല്ലാ കര്‍ഷകര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ കര്‍ഷക ദിനാശംസകള്‍...

 

click me!