
കൊച്ചി: മത്സ്യത്തിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള പരിശോധനാകിറ്റ് വിപണിയിലെത്തിക്കാൻ കാലതാമസം നേരിട്ടതിനുകാരണം മത്സ്യഫെഡിന്‍റെ നിസഹകരണമാണെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ സിഐഎഫ്ടി. പരിശോധനാ കിറ്റിന്‍റെ നിർമ്മാണം ഏറ്റെടുക്കാൻ മൂന്ന് തവണ മത്സ്യഫെഡിനെ സമീപിച്ചെങ്കിലും ഇവർ തയ്യാറായില്ലെന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പറയുന്നു. എന്നാൽ, ഈ ആരോപണം മത്സ്യഫെഡ് തള്ളി.
മീനുകളിലെ മായം ചേർക്കൽ കണ്ടെത്താൻ തടസ്സമാകുന്നത് പരിശോധനാ കിറ്റിന്‍റെ ലഭ്യത കുറവാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. പലയിടത്തും പരാതി ഉയർന്നെങ്കിലും തുടർച്ചയായി പരിശോധന നടത്താൻ സി.ഐ.എഫ്.ടി കിറ്റില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ വിശദീകരണം.കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ അമോണിയ,ഫോർമലിൻ പരിശോധന കിറ്റ് സി.ഐ.എഫ്.ടി തയ്യാറാക്കിയിരുന്നു. കിറ്റ് വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് വിപണയിലെത്തിക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ മത്സ്യഫെഡിനെയാണ് സി.ഐ.എഫ്.ടി സമീപിച്ചത്. മൂന്ന് വട്ടം മത്സ്യഫെഡിനായി സമയം നീട്ടി നൽകി. എന്നിട്ടും മത്സ്യഫെഡ് തയ്യാറായില്ലെന്നാണ് ആരോപണം.
മൂന്നാം വട്ടവും മത്സ്യഫെഡ് പിന്മാറിയതോടെയാണ് പരിശോധന കിറ്റ് നിർമ്മിക്കാൻ സ്വകാര്യ കമ്പനികളെ സി.ഐ.എഫ്.ടി ക്ഷണിച്ചത്. ഇതിൽ നിന്ന് തെരഞ്ഞെടുത്ത കമ്പനിയുമായി അടുത്ത ആഴ്ച ധാരണപത്രം സി.ഐഎഫ്.ടി ഒപ്പുവയ്ക്കും. ഉത്പാദനം വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതാണ് പിൻമാറാനുള്ള പ്രധാന കാരണമെന്ന് മത്സ്യഫെഡ്. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ആവശ്യപ്രകാരമാണ് മത്സ്യത്തിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള പരിശോധന കിറ്റ് സി.ഐ.എഫ്.ടി വികസിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam