ഗെയില്‍ സമരത്തെച്ചൊല്ലി സിപിഎമ്മിലും ലീഗിലും ഭിന്നത

By Web DeskFirst Published Nov 3, 2017, 10:34 PM IST
Highlights

കോഴിക്കോട്: ഗെയില്‍ പ്രശ്നത്തിൽ സി.പി.എമ്മിലും മുസ്ലിം ലീഗിലും ഭിന്നത. സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് തളളി സി.പി.എം ഭരിക്കുന്ന കാരശേരി പഞ്ചായത്ത് പ്രമേയം പാസാക്കി. ഗെയില്‍ സമരത്തോട് ലീഗ് നേതൃത്വം മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് അണികളുടെ പരാതി.

ഗെയില്‍ വിരുദ്ധ സമരത്തിന്‍റെ മറവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായാരോപിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ഈ നിലപാട് തളളി സി.പി.എം പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. ജനവാസ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഭൂമി വിട്ടു കൊടുക്കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് സി.പി.എം ഭരിക്കുന്ന കാരശേരി പഞ്ചായത്ത് പ്രമേയം പാസാക്കി. വര്‍ഷങ്ങളായി താന്‍ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ ഭാഗമാണെന്നും സമരത്തെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും പഞ്ചായത്ത് അംഗവും സി.പി.എം പ്രാദേശിക നേതാവുമായ അക്ബര്‍ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് ജോര്ജ്ജ് എം തോമസ് എം.എല്‍.എ അടക്കമുളളവര്‍ സമരസമിതിയുടെ ഭാഗമായിരുന്ന കാര്യവും പ്രാദേശിക നേതൃത്വം ഓര്‍മിപ്പിക്കുന്നു. 

അതേസമയം, ഗെയില്‍ സമരത്തോടുളള നിലപാടിന്‍റെ കാര്യത്തില്‍ ലീഗീലും തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ അടക്കമുളളവര്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കണമെന്ന നിലപാടിലാണ്. ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തില്‍ എസ്.ഡി.പി.ഐ അടക്കമുളള സംഘടനകള്‍ നേട്ടമുണ്ടാക്കുമ്പോള്‍ ലീഗ് കാഴ്ചക്കാരാകുന്നുവെന്ന വികാരമാണ് അണികള്‍ക്കുളളത്. എന്നാല്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനപ്പുറം സമരത്തില്‍ നേരിട്ട് പങ്കെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുളളവര്‍ക്കുളളത്.

click me!