രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊന്നത് പരീക്ഷ മാറ്റി വയ്ക്കാന്‍

By Web DeskFirst Published Nov 8, 2017, 1:11 PM IST
Highlights

ദില്ലി:ഹരിയാന ഗുഡ്ഗാവിലെ റയാൻ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ ഇതേ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി അറസ്റ്റിലായി. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഈ നിർണ്ണായക വഴിത്തിരിവുണ്ടായത്. പരീക്ഷ മാറ്റിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന സൂചന.

ഗുഡ്ഗാവിലെ റയാൻ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്നന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഇന്നലെ രാത്രിയാണ് ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തത്. പകല്‍ മുഴുവന്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത സിബിഐ സംഘം രാത്രിയോടെ അറസ്റ്റ് ചെയ്യുന്നതായി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊലയ്ക്ക് എന്താണ് കാരണമെന്ന് സിബിഐ പരസ്യമാക്കിയിട്ടില്ല. എന്നാൽ പരീക്ഷയും പാരന്‍റസ് ടീച്ചർ യോഗവും മാറ്റിവയ്പ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പ്ളസ് വൺ വിദ്യാർത്ഥി ഈ കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന.  അതേസമയം തന്‍റെ മകന്‍ നിരപരാധിയാണെന്നും മകനെതിരായി സിബിഐയുടെ കൈയ്യിൽ തെളിവൊന്നും ഇല്ലെന്നും പിടിയിലായ വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 8 നാണ് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമ്നനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബസ് കണ്ടക്ടറായ അശോക് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു ഹരിയാന പൊലീസിന്‍റെ കണ്ടെത്തല്‍. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 
 

click me!