കനത്ത മഴ തുടരും; അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

By Web DeskFirst Published Nov 30, 2017, 11:53 PM IST
Highlights

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്ത രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ അടുത്ത 36 മണിക്കൂറുകള്‍ കൂടി മഴ തുടരും എന്ന കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 

പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഴുവന്‍ സര്‍ക്കാര്‍ ഏജന്‍സികളേയും ഏകോപിപ്പിച്ചു കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ മുഖ്യമന്ത്രി കളക്ടര്‍മാരോട് നിര്‍ദേശിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ കളക്ടര്‍മാര്‍ മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. 

മഴ തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കോസ്റ്റ് ഗാര്‍ഡിന്റേയും നാവിക-വ്യോമസേനകളുടേയും സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു. 

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.സുദേവന്‍,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
 

click me!