
തിരുവനന്തപുരം: രാജ്യത്താദ്യമായി ഭിന്നലിംഗക്കാര്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തി ലിംഗനീതിയുടെ ചരിത്രപരമായ അധ്യായം തുറന്നിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കൊച്ചി മെട്രോയില്‍ 23 ഭിന്നലിംഗക്കാര്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി ബൃഹദ് പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കൂടാതെ അറുപതുവയസ്സിന് മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷനും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ബജറ്റില്‍ (201718) ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ആരോഗ്യസഹായം എന്നിവ നല്‍കുന്നതിനും മറ്റുമായി പത്തുകോടി രൂപ അധികമായി വകയിരുത്തിയിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുവാനുതകുന്ന ഒരു നയം നടപ്പിലാക്കുമെന്നായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് വേണ്ടി കുറേയേറെ കാര്യങ്ങള്‍ ചെയ്യുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
രാജ്യത്താദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായുള്ള കായികമേള കേരളത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇത് എല്ലാ വര്‍ഷവും നടത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. എല്ലാ മേഖലയിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കേരളത്തെപ്പോലെ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ചേരുന്നതല്ല അത്തരം മുന്‍വിധികള്‍. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരേ പോലെ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam