ഏനാത്ത് ബെയ്‌ലി പാലം മുഖ്യമന്ത്രി തുറന്നുകൊടുത്തു

By Web DeskFirst Published Apr 11, 2017, 4:06 AM IST
Highlights

കൊട്ടാരക്കര: കരസേന നിര്‍മ്മിച്ച ഏനാത്ത് ബൈലി പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയതത്. എംസി റോഡില്‍ ഏനാത്ത് പാലത്തിനുണ്ടായ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏനാത്തെ പാലം തകര്‍ന്ന് മൂന്ന് മാസം തികയുമ്പോഴാണ് ബദല്‍ സംവിധാനമായ ബൈലിപാലം ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. മുപ്പത്തിയാറ് മണിക്കൂര്‍ കൊണ്ട് സൈന്യം പൂര്‍ത്തിയാക്കിയ ബൈലി പാലം നിറഞ്ഞ കരഘോഷത്തിനിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പിന്നീട് പാലത്തിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും മറ്റു ജന പ്രതിനിധികള്‍ക്കുമൊപ്പം മറുകരയിലേക്ക്. എംസിറോഡില്‍ ഏനാത്ത് പഴയ പാലം തകരാനിടയാക്കിവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ഇത്തരക്കാരെ വച്ചു പൊറുപ്പിക്കിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
84 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബൈലി പാല നിര്‍മ്മാണത്തിന് ചിലവഴിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സൈന്യത്തിന് മുഖയമന്ത്രി പ്‌ത്യേക ഉപഹാരവും നല്‍കി. ഏനാത്തെ പഴയ പാലം തകരാന്‍ കാരണക്കാരായി വിജിലന്‍സ് കണ്ടത്തിയ വര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവിട്ടതായി മന്ത്രി ജിസുധാകരന്‍ വ്യക്തമാക്കി. പാല നിര്‍മ്മാണം ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കും.

ബൈലി പാലം വരുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുണ്ടായതെന്ന് സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 55 മീറ്റര്‍ നീളമുള്ള പാലത്തിലൂടെ ആംബുലന്‍സ്, കാറുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളാണ് കടത്തിവിടുക.

click me!