കുരിശ് തകര്‍ത്തത് തെറ്റ്; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

By Web DeskFirst Published Apr 21, 2017, 1:48 PM IST
Highlights

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി കുരിശു തകര്‍ത്തത് തെറ്റെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്തുവേണം കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് 144 പ്രഖ്യാപിച്ചത് തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇടുക്കി ജില്ലാ ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

യോഗത്തില്‍ ഇടുക്കി ജില്ലാ കലക്ടറെയും സബ് കലക്ടറെയും മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ ശകാരിച്ചു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍ വന്‍കിട കൈയേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കേണ്ടത്. പാപ്പാത്തിച്ചോലയിലെ കുരുിശു പൊളിച്ചുമാറ്റിയ സംഭവത്തില്‍ ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചു.

പോലീസിനെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് മാത്രമേ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാവു. പോലീസും റവന്യൂ വകുപ്പും തമ്മില്‍ ഇക്കാര്യത്തില്‍ ഏകോപനം വേണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കയ്യേറ്റത്തേക്കാള്‍ ശ്രദ്ധനല്‍കേണ്ടത് കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറില്‍ ഇനി മുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൈയേറ്റമൊഴിപ്പിക്കല്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു.

 

 

 

click me!