എല്ലാം ശരിയാക്കാന്‍ സര്‍ക്കാര്‍‍; ആഴ്ചയില്‍ 5 ദിവസം മന്ത്രിമാര്‍ ഓഫീസുകളില്‍ ഉണ്ടാകും

By Web DeskFirst Published May 25, 2016, 7:32 PM IST
Highlights

തിരുവനന്തപുരം: ആറുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിമാര്‍ ഓഫിസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ആദ്യത്തെ ആറുമാസം പുതിയതായി ചുമതലേയറ്റ സര്‍ക്കാരിന് നിര്‍ണായകമാണ്. ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്‌ദ്ധാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കൂടാതെ മന്ത്രിമാരില്‍ മിക്കവരും പുതുമുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ ആറുമാസം ആഴ്‌ചയില്‍ അഞ്ചുദിവസവും മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫീസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജനകീയ പദ്ധതികള്‍, വാഗ്ദാനങ്ങള്‍ അവ വേഗത്തില്‍ നടപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കടമ്പ. അതിനായാണ് പുതിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ടു വെയ്‌ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്ന പദ്ധതികളിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന ഉറപ്പിലും നടപടി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗങ്ങളിലെടുത്ത വിവാദ ഭൂമി ഉത്തരവുകളെക്കുറിച്ച് പഠിച്ച് തുടക്കം. ഇതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്‌ച യോഗം ചേരുമെന്ന് കണ്‍വീനര്‍ കൂടിയായ നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.  

ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കും

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി ആശങ്കാജനകമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബജറ്റുകള്‍ പ്രഹസനമായി മാറിയെന്നും, അതിന്റെ ഫലമായാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വന്നതെന്നും തോമസ് ഐസക് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പറഞ്ഞു. റോഡുകളുടെ രൂപകല്‍പനക്ക് പുറംകരാര്‍ നല്‍കിയ തീരുമാനം പുനപരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും പ്രതികരിച്ചു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തിരിച്ചുകൊണ്ടുവരുമെന്നും സര്‍ക്കാരിനവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടി എടുക്കുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് സമയമായെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. ഫണ്ടുകള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!