സുക്മയിലെ മാവോയിസ്റ്റുകളെ തുരത്താൻ 'കോബ്ര' ഇറങ്ങുന്നു

By Web DeskFirst Published May 9, 2017, 9:23 AM IST
Highlights

ദില്ലി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകളെ തുരത്താൻ പ്രത്യേക ഗറില്ല സംഘമായ കോബ്ര ബെറ്റാലിയനിലെ 2000 കമാൻഡോകളെ ഇറക്കുന്നു. സുക്മയിൽ തുടർച്ചയായി സൈനികർക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ശത്രുക്കളെ തുരത്താൻ പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോകളാണ് കോബ്ര ബെറ്റാലിയനിലുള്ളത്. 

കമാന്‍റോ ബറ്റാലിയന്‍ ഫോര്‍ റിസോള്‍ട്ട് ആക്ഷന്‍ എന്നതിന്‍റെ ചുരുക്കമാണ് കോബ്ര എന്ന വിഭാഗം.  ബീഹാര്‍, തെലുങ്കാന, മധ്യപ്രദേശ് , ബംഗാള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഈ സംഘത്തിന്‍റെ സാന്നിധ്യമുള്ളത്. മാവോയിസ്റ്റ് ബാധിത മേഖലയായ ബാസ്റ്ററില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കോബ്ര കമ്പനിയില്‍ നൂറ് അംഗങ്ങളാണ് ഉള്ളത്. അവരെ ഉടന്‍ സുഗ്മ മേഖലയില്‍ ഇറക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

കുറഞ്ഞ നാശ നഷ്ടങ്ങള്‍ മാത്രം വരുത്തി ശത്രുക്കള്‍ക്ക് പരാമവധി തിരിച്ചടി നല്‍കാന്‍ ശേഷിയുള്ളവരാണ് കോബ്ര വിഭാഗം. അതിനായി വിദഗ്ധ പരിശീലനം അവര്‍ നേടിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പ്രദേശത്തെ മാവോയിസ്റ്റ് പ്രചരണത്തിന് മുകളില്‍ വളരെ വലിയ ഫലം ഉണ്ടാക്കുവാന്‍ ഈ നീക്കത്തിന് സാധിക്കുമെന്ന് ആഭ്യന്തര വ‍ൃത്തങ്ങള്‍ എന്‍ഡി ടിവിയോട് പറഞ്ഞു.

മേഖലയിൽ സിആർപിഎഫിന്‍റെയും ബിഎസ്എഫിന്‍റെയും ചില ബെറ്റാലിയനുകൾ പുനർ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 24ന് സുക്മ മേഖലയിൽ മാവോവാദികൾ നടത്തിയ ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 
 

click me!