കാപ്പിപ്പൊടിയുടെ നിറക്കൂട്ടുകളുമായി സനു

By Web DeskFirst Published Jan 25, 2018, 10:27 AM IST
Highlights

ഇടുക്കി: നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് സ്വദേശിയായ സനുവിന്റെ കരവിരുതില്‍ മണ്ണും മണലും തടിയും കയറും കാപ്പിപൊടിയുമെല്ലാം ചിത്രങ്ങളായി മാറും. പെയിന്റില്‍ ഒരുക്കിയ ചിത്രങ്ങളെ വെല്ലുന്ന നിറകൂട്ടുകള്‍. ചിത്ര രചനയ്ക്കായി കടലാസ് തന്നെ വേണമെന്ന നിര്‍ബന്ധവും സനുവിനില്ല. ഭിത്തിയിലും ചിത്രം ഒരുക്കും.

മണ്ണും മണലും ഉപയോഗിച്ചുള്ള ചിത്ര രചനയില്‍ വ്യത്യസ്ഥ തലങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ യുവാവ്. കറുപ്പ്, ചുവപ്പ്, വെള്ള, ഇളം ചുവപ്പ് തുടങ്ങിയ വ്യത്യസ്ഥ നിറത്തിലുള്ള മണ്ണ് അരിച്ചെടുത്ത് വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാണ് സനു ചിത്ര രചന നടത്തുന്നത്. മണ്ണ് കലക്കുമ്പോള്‍ അല്പം പശയും ഉപയോഗിക്കും. വ്യത്യസ്ഥ രീതികളാണ് ചിത്ര രചനയ്ക്കായി സനു പിന്തുടരുന്നത്. ചിത്രത്തിലെ പ്രധാന ഭാഗം മാത്രം കരിമണല്‍ ഉപയോഗിച്ച് അടയാളപെടുത്തി പശ്ചാത്തലം മണ്ണുകൊണ്ട് വരച്ചു ചേര്‍ക്കുന്നതാണ് ഒരു രീതി. പശ തേച്ച പ്രതലത്തിലേയ്ക്ക് നേരിട്ട് മണല്‍ വിരിച്ച് സാന്‍ഡ് ആര്‍ട്ട് തയ്യാറാക്കും. കാപ്പിപൊടി വ്യത്യസ്ഥ രീതിയില്‍ കലക്കി ചിത്രങ്ങള്‍ ഒരുക്കുന്നതും സനുവിന്റെ ഇഷ്ട രീതിയാണ്.

ടെറാകോട്ട, മ്യൂറലുകള്‍, കയറുകൊണ്ടും തടികൊണ്ടും, ചിരട്ടകൊണ്ടും അലുമിനിയം കൊണ്ടും ചിത്രങ്ങള്‍, ഉണങ്ങിയ ഇലകള്‍കൊണ്ടുള്ള ഹെര്‍ബേറിയം തുടങ്ങി ഈ ചിത്രകാരന്‍ സ്വായത്തമാക്കിയിരിക്കുന്ന രീതികള്‍ നിരവധിയാണ്. വര്‍ഷങ്ങള്‍കൊണ്ടുള്ള പരിശ്രമ ഫലമായാണ് വ്യത്യസ്ഥ രീതികള്‍ സ്വായത്താക്കാന്‍ ഈ യുവാവിന് സാധിച്ചത്. വിവിധ രീതികള്‍ അവലംബിച്ച് വിജയം കൈവരിക്കുകയായിരുന്നു. ചിത്രരചനയില്‍ എല്ലാവിധ പ്രോത്സാഹനവുമായി ഭാര്യയും സഹോദരനും ഒപ്പമുണ്ട്. താന്‍ സ്വായത്തമാക്കിയ വ്യത്യസ്ഥ രീതികളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും ഈ യുവാവ് ഒരുക്കമാണ്. ആവശ്യക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ സനു തയ്യാറാക്കി നല്‍കുന്നുമുണ്ട്. മണല്‍ ചിത്ര രചനയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ഇനിയും കൂടുതല്‍ വ്യത്യസ്ഥതകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. വണ്ടന്‍മേട് വെള്ളിമലയില്‍ ഡസ്റ്റ് ആര്‍ട്ട് എന്ന പേരില്‍ വ്യത്യസ്ഥ ചിത്രങ്ങള്‍ ഒരുക്കി നല്‍കുന്ന സ്ഥാപനം സനു നടത്തുന്നുണ്ട്.

click me!