കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷ മാറ്റിവച്ചു

By Web DeskFirst Published Jul 19, 2018, 10:50 PM IST
Highlights
  • എംജി സർവകലാശാല ജൂലൈ 20നു നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വച്ചു
  • മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

ആലപ്പുഴ: ആലപ്പുഴയിലെ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടറുടെ അറിയിപ്പ്. തിരുവല്ല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയും ശനിയും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പാടഗിരി, സീതാർകുണ്ട് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് 20,21 തീയതികളിൽ അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍   ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ പ്ലസ് ടു ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്   ജൂലൈ 20ന്  ജില്ലാ കളക്ടർ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല 20നു നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വച്ചു. ഇക്കാര്യം 18നു തന്നെ വാര്‍ത്താക്കുറിപ്പിലൂടെ സർവകലാശാല അറിയിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 20 ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും എന്നാൽ തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകർ വിശദമാക്കി. മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന.
 

click me!