ഇനിയുണ്ടാവും എല്ലാ ലോകകപ്പിലും; കൊളംബിയ ലോകത്തോട് പറയുന്നു

By Web DeskFirst Published Jun 15, 2018, 10:28 PM IST
Highlights
  • കൊളംബിയന്‍ ഗ്രാമങ്ങളില്‍ നിന്ന് ചെറുപ്പക്കാര്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നു
  • ഫുട്ബോളില്‍ നവയുഗം പിറന്നു

ആഭ്യന്തര കലാപങ്ങള്‍ വര്‍ഷങ്ങളായി ബുദ്ധിമുട്ടിലാക്കിയ  സമ്പദ്ഘടനയാണ് കൊളംബിയുടേത്. എഫ്എആര്‍സി (റെവല്യൂഷനറി ആംഡ് ഫോഴ്സ്സ് ഓഫ് കൊളംബിയ) ഗറില്ല പോരാളികളുമായി കാലങ്ങള്‍ നീണ്ട പോരാട്ടത്തിലായിരുന്നു രാജ്യത്ത് മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം. ക്യൂബയുടെ ഇടപെടലുകളെത്തുടര്‍ന്ന് സമാധാനം പുനസ്ഥാപിച്ചിട്ട് അധികകാലമായിട്ടുമില്ല. ആഭ്യന്തര കലാപം സാമ്പത്തിക പുരോഗതിയിലേക്ക് ഉയരുന്നതില്‍ നിന്ന് കൊളംബിയയെ തടഞ്ഞിരുന്നു. 

ഗറില്ലാ വിപ്ലവകാരികളുമായി പോരാട്ടം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുന:സ്ഥാപിച്ചതോടെ സാമ്പത്തികമായി ഉയരാനുളള നയങ്ങള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം കണ്ടെത്തിയത്. അവ ഫലപ്രാപ്തിയിലേക്ക് എത്തിത്തുടങ്ങിയ നാളുകളാണിതെന്ന്  ഭരണകൂടം അവകാശവാവാദമുന്നയിക്കുന്നു. മിക്ക ലാറ്റിനമേരിക്കാന്‍ സാമ്പത്തിക വിദഗ്ധരുടെയും അവകാശവാദം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. 

കൊളംബിയന്‍ ഫുട്ബോള്‍ ടീമിന്‍റെ കാര്യത്തിലും ഈ ഉണര്‍വ് കാണാനുണ്ട് ഫുട്ബോളിനായി രാജ്യത്ത് മുടക്കുന്ന പണത്തിലും അടുത്തകാലത്ത് വര്‍ദ്ധനവുണ്ടായി. 2014 ബ്രസീല്‍ ലോകകപ്പില്‍ കൊളംബിയ വലിയ മുന്നേറ്റം നടത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ അവര്‍ എത്തുകയും ചെയ്തു 16 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ മുന്നേറ്റം. 2018 ലെ റഷ്യന്‍ ലോകകപ്പിലും അതേ മുന്നേറ്റം അവര്‍ പ്രകടമാക്കും എന്ന് തന്നെയാണ് രാജ്യത്തെ ജനതയുടെയും വിശ്വാസം. കാരണം, കലാപങ്ങളൊടുങ്ങിതോടെ അവര്‍ രാജ്യപുരോഗതിയിലും ഫുട്ബോളിലും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. 

ഫുട്ബോളിനായി സര്‍ക്കാരും സ്പോണ്‍സര്‍മാരും പണമിറക്കാന്‍ തയ്യാറായതും ആഭ്യന്തര കലാപമടങ്ങിയതും കൊളംബിയന്‍ ഗ്രാമങ്ങളില്‍ നിന്ന് യുവാക്കള്‍ നഗരങ്ങളിലെ ഫുട്ബോള്‍ ക്ലബ്ബുകളിലേക്ക് കൂടുതല്‍ എത്താന്‍ കാരണമായി. ഇത് കൊളംബിയന്‍ ഫുടബോളിനെ താരസമ്പന്നമാക്കുമെന്നുറപ്പാണ്. ഈ അടുത്ത് ഗോള്‍ഡ്മാന്‍ സാഷെ പുറത്തുവിട്ട ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കൊളംബിയന്‍ ജിഡിപി ഉയരുകയാണെന്നാണ്. 2018 ല്‍ കൊളംബിയന്‍ ജിഡിപി 2.7 ശതമാനം വരെ മുന്‍ വര്‍ഷത്തെക്കാള്‍ വളര്‍ച്ച നേടുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1.8 ശതമാനമായിരുന്ന സ്ഥാനത്താണിത്. രാജ്യത്ത് ഉയര്‍ന്നുവരുന്ന പണപ്പെരുപ്പ സാധ്യതയെ നിയന്ത്രിക്കുകയെന്നത് ഭരണകൂടത്തിന് മുന്നിലെ പ്രധാന പ്രതിസന്ധിയാണ്. വളര്‍ച്ച ലക്ഷ്യം കൈവരിക്കാന്‍ ഇത് നന്നായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. 

പ്രതിഭാ സമ്പന്നമായ ഒരു ഫുട്ബോള്‍ രാജ്യം നിര്‍മ്മിക്കുകയെന്ന ലക്ഷ്യമുളള കൊളംബിയ, സാമ്പത്തിക പുരോഗതിയുടെ പുതിയ ഗതിവേഗം കൈയടക്കുന്നത് ഇനി വരുന്ന എല്ലാ ലോകകപ്പിലും കൊളംബിയന്‍ സാന്നിധ്യമുണ്ടാവുമെന്നതിന്‍റെ ശുഭസൂചന നല്‍കുന്നു. കൊളംബിയന്‍ സമ്പദ്ഘടന മുന്നോട്ട് കുതിക്കുന്നതുപോലെയാണ് അവരുടെ ഫുട്ബോളും മുന്നേറുന്നത്. രണ്ടും തുല്യ ആവേശത്തോടെ കരുത്താര്‍ജിക്കുന്നു. 

click me!