
സമാര: പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള നിര്‍ണായക മത്സരത്തിനിറങ്ങിയ സെനഗലിനും കൊളംബിയക്കും ആദ്യ പകുതിയില്‍ സമനിലയുടെ നിരാശ. ഇരുടീമിനും കളത്തില്‍ കാര്യമായി ഒന്നും നടപ്പാക്കാന്‍ സാധിക്കാതെ പോയതോടെ വിരസതയുളവാക്കുന്ന പോരാട്ടമാണ് സമാര അരീനയില്‍ നടന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാനും പോളണ്ടും ഇതേ അവസ്ഥയിലാണ് ആദ്യ പകുതി അവസാനിപ്പിച്ചിരിക്കുന്നത്.
നിര്‍ണായക മത്സരത്തില്‍ ആഫ്രിക്കന്‍ വമ്പിനെതിരെ തുടക്കത്തില്‍ ആധിപത്യം ഉറപ്പിച്ചുള്ള പ്രകടനമാണ് കൊളംബിയ നടത്തിയത്. ഒമ്പതാം മിനിറ്റില്‍ പക്ഷേ സെനഗലിന് അനുകൂലമായ ഒരു ഫ്രീകിക്ക് ലഭിച്ചത് ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് അല്‍പം ആശങ്ക സൃഷ്ടിച്ചു. പക്ഷേ, കൊളംബിയന്‍ പ്രതിരോധം കുലുങ്ങിയില്ല. മറുവശത്ത് ഫല്‍ക്കാവോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് യുവാന്‍ ക്വിന്‍റിറോ തൊടുത്ത ഷോട്ട് ഖാദിം എഡിയായെ തട്ടിയകറ്റി.
17-ാം മിനിറ്റില്‍ സെനഗല്‍ ഒന്ന് സന്തോഷിച്ചു, സാദിയോ മാനേയെ ബോക്സിനുള്ളില്‍ സാഞ്ചസ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കൊളംബിയന്‍ താരങ്ങളുടെ വാദങ്ങള്‍ക്ക് ശേഷം വീഡിയോ അസിസ്റ്റന്‍റ് റഫറിമാര്‍ പരിശോധന നടത്തിയതോടെ പെനാല്‍റ്റി നല്‍കേണ്ടതില്ലെന്ന് വിധിക്കപ്പെട്ടു. ആദ്യ ഇരുപത് മിനിറ്റ് പിന്നിട്ടപ്പോഴും ഗോളിലേക്കുള്ള മികച്ച ശ്രമമൊന്നും ഇരു ടീമികളും നടത്തിയില്ല.
പന്ത് കെെവശം വച്ച് പാസിംഗ് ഗെയിമിനാണ് ശ്രമങ്ങള്‍ നടന്നത്. പക്ഷേ, 24-ാം മിനിറ്റില്‍ ആഫ്രിക്കന്‍ കോട്ടയില്‍ കൊളംബിയന്‍ ആക്രമണം ഗോളിന് അടുത്ത് വരെയെത്തി. ക്വിന്‍റിറോ ഉയര്‍ത്തി വിട്ട ഫ്രീകിക്കില്‍ നായകന്‍ ഫല്‍ക്കാവോ തലവെച്ചങ്കിലും ലക്ഷ്യം തെറ്റി. അപകടം മനസിലാക്കി സെനഗല്‍ കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങളുടെ കെട്ട് അഴിച്ചു വിട്ടു.
31-ാം മിനിറ്റില്‍ കൊളംബിയയുടെ എല്ലാ പ്രതീക്ഷകളുടെയും നിറം കെടുത്തി പരിക്കേറ്റ ജയിംസ് റോഡിഗ്രസിനെ പരിശീലകന്‍ പെക്കര്‍മാന്‍ തിരിച്ചു വിളിച്ചു. ഇതോടെ കൊളംബിയന്‍ മധ്യനിരയുടെ മുനയൊടിഞ്ഞു. ഫല്‍ക്കാവോയിലേക്ക് കൃത്യമായി പന്തുകള്‍ എത്താതിരുന്നതോടെ മുന്നേറ്റ നിരയുടെ ശക്തിയും കുറഞ്ഞു. ഇരു ടീമുകളും ആസൂത്രണമില്ലാത്ത നീക്കങ്ങള്‍ നടത്തിയോടെ ആദ്യ പകുതി വിരസമായ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam