ബിജോയിയെയും സാന്ദ്രയെയും സംരക്ഷിക്കാന്‍ സര്‍വകക്ഷി സഹായസമിതി

By web deskFirst Published Mar 18, 2018, 9:38 PM IST
Highlights

ഗുരുതരമായ സോറിയോസിസ്, വാതരോഗിയുമായ ബിജോയ് ഒന്ന് തലചായ്ക്കാനും ഭക്ഷണം കഴിക്കാനും ഗതിയില്ലാതെയാണ് കഴിയുന്നത്.

കോഴിക്കോട്: ദുരഭിമാനത്തിന്റെയും രോഗത്തിന്റെയും പേരില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തൊണ്ടയാട് സ്വദേശി ബിജോയിയെയും ഭാര്യ സാന്ദ്രയെയും സംരക്ഷിക്കാന്‍ സഹായം തേടി സര്‍വകക്ഷി സഹായസമിതി. തെരുവില്‍ നിന്നും മാറ്റി സ്വന്തമായി ഒരു കിടപ്പാടം ലഭ്യമാക്കി പുനഃരധിവസിപ്പിക്കാനായാണ് സഹായ സമിതിയുടെ ലക്ഷ്യം. 

ഇരുവരുടെയും വീട്ടുകാരില്‍ നിന്നും വധശ്രമങ്ങള്‍ നേരിടുന്ന ഇവരെ തെരുവിലേക്ക് ഇറക്കി വിട്ടിട്ടും പക തീരാഞ്ഞ് സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ 11 മാസങ്ങളോളമായി ഈ ദമ്പതികള്‍ ബസ് സ്റ്റാന്‍ഡുകളിലും ആശുപത്രി വരാന്തകളിലുമായാണ് അന്തിയുറങ്ങുന്നത്. തൊണ്ടയാട്ടെ വീട്ടില്‍ നിന്നും പോലീസിനെ ഉപയോഗിച്ച് ബിജോയിയുടെ പിതാവും മാതാവും ചേര്‍ന്ന് പുറത്താക്കിയതോടെയാണ് ഇവരുടെ ദുരിതം വര്‍ദ്ധിച്ചത്. 

ഗുരുതരമായ സോറിയോസിസ്, വാതരോഗിയുമായ ബിജോയ് ഒന്ന് തലചായ്ക്കാനും ഭക്ഷണം കഴിക്കാനും ഗതിയില്ലാതെയാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും യോഗം ചേര്‍ന്ന് ബിജോയ് സന്ദ്ര കുടുംബസഹായ സമിതി സര്‍വകക്ഷിയ്ക്ക് രൂപം നല്‍കി സുമനസുകളില്‍ നിന്ന് സഹായം തേടാന്‍ ശ്രമം തുടങ്ങിയത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.പി. രാധാകൃഷ്ണന്‍ ചെയര്‍മാനും ജലീല്‍ തടമ്പാട്ടുതാഴം കണ്‍വീനറും എം.അനില്‍കുമാര്‍ സെക്രട്ടറിയും കെ.പ്രഭാകരന്‍ ട്രഷററുമായാണ്  സര്‍വകക്ഷിയ്ക്ക് രൂപം നല്‍കിയത്. 

സഹായമെത്തിക്കാനായി എസ്ബിഐയുടെ കോഴിക്കോട് പി.ബി. ബ്രാഞ്ചില്‍
20177344065 , IFSC CODE: SBIN0070758 എന്ന നമ്പറില്‍ എക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.  ഫോണ്‍: 9387936277, 9446642434.

click me!