
കാസര്‍കോട്: അഡ്മിഷന്‍ ലഭിച്ച ദളിത് വിദ്യാര്‍ത്ഥിയെ നോട്ടിഫിക്കേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയതായി പരാതി. മലപ്പുറം മഞ്ചേരി സ്വദേശിയായ കെ.അജിത്തിനാണ് കേന്ദ്ര സര്‍വ്വകലാശാലയുടെ പീഡനം ഏല്‍ക്കേണ്ടി വന്നത്. 2017 ല്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്‌സില്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ ലഭിച്ച അജിത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് സര്‍വ്വകലാശാല നോട്ടിഫിക്കേഷന്‍ റദ്ദാക്കിയത്.
2017 ഡിസംബര്‍ ആറിന്റെ വിജ്ഞാപന പ്രകാരമാണ് സര്‍വ്വകലാശാലയില്‍ അജിത് അഡ്മിഷന്‍ നേടുന്നത്. അഡ്മിഷന് വേണ്ടി സര്‍വ്വകലാശാല ഇറക്കിയ വിജ്ഞാപനത്തില്‍ സിഎസ്‌ഐആര്‍ന്റെ ജൂനിയര്‍ ഫെലോഷിപ്പുള്ളവര്‍ക്കും യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുള്ളവര്‍ക്കും അഡ്മിഷന് എടുക്കാമെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും അഡ്മിഷന്‍ നേടാമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.
എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 50 ശതമാനം മാര്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 35 ശതമാനം മാര്‍ക്കും മതിയെന്നാണ് സര്‍വ്വകലാശാല നിശ്ചയിച്ചത്. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത അറുപതോളം സീറ്റില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നിലവിലുള്ളത്. വിജ്ഞാപനത്തിന്റ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരി ഒന്നിനാണ് അജിത്ത് കേന്ദ്ര സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി പഠനത്തിനായി അഡ്മിഷന്‍ നേടുന്നത്.
ഇതിനിടെ സര്‍വ്വകലശാല ചട്ടങ്ങള്‍ വിരുദ്ധമായാണ് അജിത്തിന് പ്രവേശനം നല്‍കിയെന്ന് കാണിച്ച് മാര്‍ച്ച് 16 ന് അജിത്തിനെ പുറത്താക്കുകയായിരുന്നു. സര്‍വകാലാശാലയുടെ ഉത്തരവിനെതിരെ അജിത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍വ്വകലാശാല 2018 മാര്‍ച്ച് 27, 28 തീയ്യതികളില്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ 2017 ഡിസംബര്‍ ആറിലെ നോട്ടിഫിക്കേഷന്‍ റദ്ദാക്കിയതായി വ്യക്തമാക്കുന്നുണ്ട്. യുജിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അഡ്മിഷന്‍ നല്‍കിയതെന്ന് ആരോപിച്ചാണ് സര്‍വ്വകലാശാല അജിതിനെതിരെ നടപടിയെടുത്തത്.
ഈ സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ എടുക്കുന്ന കാലയളവില്‍ തന്നെ ഹൈദരബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് എന്ന സ്ഥാപനത്തില്‍ ഫിലിം സ്റ്റഡീസിന് അഡിമിഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഇടവിഷയമായതിനാലാണ് പെരിയയിലേ കേന്ദ്ര സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ എടുത്തത്. എന്നാല്‍ സര്‍വ്വകലാശാല പുറത്താക്കുമ്പോള്‍ ആദ്യം പറഞ്ഞ ന്യായീകരണം അഡ്മിഷന്‍ സമയത്തെ ഡോക്ടര്‍ റിസര്‍ച്ച് കമ്മിറ്റിയുടെ ഇന്റര്‍വ്യൂവില്‍ ഗൈഡ് ഹാജരായില്ലെന്നാണ്. എന്നാല്‍ ഗൈഡ് ഈ സമയം സര്‍വ്വകലാശാലയുടെ ടീച്ചേഴ്‌സ് ട്രൈനിംഗ് കോഴ്‌സിന് ഹൈദാബാദില്‍ പങ്കെടുക്കുകയായിരുന്നു. മാത്രമല്ല ഗൈഡ് റിസര്‍ച്ച് കമ്മറ്റിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമുള്ളതല്ലെന്നും അജിത്ത് പറഞ്ഞു.
എന്നാല്‍ ഹൈക്കോടതിയില്‍ സര്‍വ്വകലാശാല പറഞ്ഞത് അജിത്തിന്റെ അഡ്മിഷന്‍ നിയമ വിരുദ്ധമാണെന്നാണ്. എന്നാല്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിയെ നിയമത്തില്‍ മാറ്റം വരുത്തി പുറത്താക്കുന്ന നടപടി നീതികേടാണെന്നും ഇത് സംവരണത്തിന്റെ ലംഘനമാണെന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫ.ഹാനിബാബു പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലയില്‍ കുടുതല്‍ പഠന സൗകര്യം ഒരുക്കുന്നതിന് പകരം നിലവിലുള്ളവരെ പോലും പുറത്താക്കുന്നതിനാണ് കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ നടപടികള്‍ വഴിവെക്കുന്നത്.
വിദ്യാര്‍ത്ഥികളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്ന സര്‍വ്വകലാശാലയുടെ ഉത്തരവ് കൈയില്‍ കിട്ടുന്നത് മാര്‍ച്ച് 21 നാണ്. എന്നാല്‍ മാര്‍ച്ച് മൂന്നിന് ഹോസ്റ്റലില്‍ നിന്നും തന്നെ പുറത്താക്കിയതായും അജിത്ത് ആരോപിച്ചു. സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട അജിത് സര്‍വ്വകലാശാലയില്‍ തുടര്‍ പഠനത്തിന് സാധ്യത തേടി സഹപാഠികളുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യൂണിവേസിറ്റി രജിസ്ട്രാര്‍ ഡിഎസ്ഡബഌു, എച്ച്ഒഡി എന്നിവരെ പ്രതിയാക്കിയാണ് അജിത് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മലപ്പുറം മഞ്ചേരിയിലെ റിട്ടേര്‍ഡ് ബാങ്കുദ്ദ്യോഗസ്ഥന്‍ കുഞ്ഞുണ്ണിയുടെയും സുധയുടെയും രണ്ടു മക്കളില്‍ മൂത്തമകനാണ് അജിത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam