
വയനാട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം വടുവഞ്ചാല്‍ മുപ്പൈനാട് വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ വലയുന്നു. വില്ലേജ് ഓഫീസര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, പാര്‍ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെ അഞ്ച് തസ്തികകളാണ് ഇവിടെയുള്ളത്. എന്നാല്‍ ആഴ്ചകളായി വില്ലേജ് ഓഫീസര്‍ സ്ഥലത്തില്ല. പകരം ചുമതലയുള്ളത് വെള്ളാര്‍മല വില്ലേജ് ഓഫീസര്‍ക്കാണ്.
വെള്ളാര്‍മല വില്ലേജ് ഓഫീസര്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓഫീസിലെത്തേണ്ടത്. മീറ്റിങ്ങ് അടക്കമുള്ള ഔദ്യോഗിക തിരക്കുകള്‍ കാരണം പല ദിവസങ്ങളിലും ഈ ഉദ്യോഗസ്ഥനും ഇവിടെ എത്തുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. സര്‍ട്ടിഫിക്കറ്റിനും മറ്റുമായി ഉള്ള വിവരങ്ങള്‍ വില്ലേജ് ഓഫീസറുടെ വെബ്‌സൈറ്റില്‍ നിന്നാണ് എടുക്കേണ്ടത്. എന്നാല്‍ വില്ലേജ് ഓഫീസറുടെ അഭാവത്തില്‍ സൈറ്റ് തുറക്കാനാവില്ല. ഇത് കാരണം ഓഫീസിലെത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരികയാണ്.
സ്‌പെഷ്യല്‍ വില്ലേജ് ഒാഫീസര്‍ സ്ഥാനക്കയറ്റം കിട്ടിയിട്ട് മാസങ്ങളായി. വില്ലേജ് അസിസ്റ്റന്റ് തസ്തികയാകട്ടെ വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുകയാണ്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും പാര്‍ട്ട് ടൈം സ്വീപ്പറും മാത്രമാണ് ഓഫീസിലുണ്ടാവുക. അതിനാല്‍ തന്നെ മിക്ക ജോലികളും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തനിയെ ചെയ്യേണ്ട അവസ്ഥയാണ്. പുതിയ അധ്യായനവര്‍ഷം ആരംഭിക്കാനിരിക്കെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാര്‍ഥികള്‍ പോലും വില്ലേജ് ഓഫീസിലേക്ക് നടന്നുമടുക്കുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും വില്ലേജ് ഓഫീസിലെത്തുന്നത്. ഏറെ നാളത്തെ അലച്ചിലിന് ശേഷം സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ തന്നെ വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വാങ്ങിക്കാന്‍ പിന്നെയും വെള്ളാര്‍മലയിലെ ഓഫീസിലെത്തണം. ഭൂനികുതിയടക്കം പല നികുതികളും ഓണ്‍ലൈനാക്കിയിട്ടുണ്ടെങ്കിലും വില്ലേജ് ഓഫീസറുടെ ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമെ അക്ഷയ സെന്ററുകളില്‍ ഇവ അടക്കാനാകൂ. ഏതായാലും പൊതുവെ പിന്നാക്ക അവസ്ഥയില്‍ കഴിയുന്ന ജില്ലക്കുള്ള ഇരുട്ടടിയാണ് ഇത്തരം നടപടികളെന്ന് ജനങ്ങള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam