കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും സംഘത്തിനുമെതിരെ പരാതി പ്രളയം

By Web DeskFirst Published Oct 30, 2016, 3:43 PM IST
Highlights

കൊച്ചി: ക്വട്ടേഷന്‍ കേസില്‍ ഒളിവിലുള്ള സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനും സംഘത്തിനുമെതിരെ പരാതി പ്രളയം. നിലം നികത്തല്‍ മുതല്‍ വ്യക്തിപരമായ തര്‍ക്കങ്ങളില്‍ വരെ ഇടപെട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ഭൂരിഭാഗം പരാതികളും. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി കൂടിയായ സക്കീര്‍ ഹുസൈനും ഡിവൈഎഫ് ഐ നേതാവ് സിദ്ദീഖിനുമെതിരെ  കേസെടുത്തതേടെയാണ് പൊലീസിന് മുമ്പാകെ കൂട്ടമായി പരാതികള്‍ എത്തിയിരിക്കുന്നത്.  ഭീഷണിയും ഭയവും മൂലമാണ് ഇത് വരെ  ഇക്കാര്യം പുറത്ത് അറിയിക്കാതിരുന്നതെന്ന് ഇവര്‍ പറയുന്നു.

നിലം നികത്തല്‍,സ്വകാര്യ തര്‍ക്കങ്ങള്‍ തുടങ്ങിയവയില്‍ ഇടപെട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ഭൂരിഭാഗം പരാതികളും. പലതും വലിയ ഗൗരവമുള്ള പരാതികളാണ്. എന്നാല്‍  ഭയം മൂലം ഈ പരാതികള്‍ ഇപ്പെോഴും എഴുതി നല്‍കാന്‍ പലരും മടിക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍  നിയമവിധേയമായി നിലം നികത്തിയിട്ടും ഭീഷണപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയതായി കാട്ടി ഒരാള്‍ പരാതി എഴുതിയിട്ടുണ്ട്. ഈ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്  ശേഷംകേസ് രജിസ്റ്റര്‍ ചെയ്യും.

വിവിധ പ്രദേശങ്ങളിലെ സ്വകാര്യ തര്‍ക്കങ്ങളെക്കുറിച്ച് വിവരംശേഖരിച്ച ശേഷം മധ്യസ്ഥരെന്ന നിലയില്‍ ഇടപെട്ട് പണം തട്ടുകയായിരുന്നു സംഘത്തിന്‍റെ രീതിയെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.പൊലീസ് സ്റ്റേഷനുകള്‍ മുഖേനയും സംഘത്തിന് ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. യുവ വ്യവസായ ജൂബി പൗലോസ് നല്‍കിയ കേസിലും സഹായം വാഗ്ദാനം ചെയ്ത് പ്രതിയായ ഷീലാ തോമസിനെ സംഘം അങ്ങോട്ട് ബന്ധപ്പെടുകയാണ് ഉണ്ടായത്.

ഇക്കാര്യം ഷീലാ തോമസും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സന്പാദന ക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഒരു അസിസ്റ്റ് കമീഷണറുടെ സഹായവും ക്വട്ടേഷന് സംഘത്തിന് ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ , നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.

click me!