സിപിഎം വിമതര്‍ക്ക് അംഗത്വം: എറണാകുളത്ത് ഇടതു മുന്നണിയില്‍ തര്‍ക്കം

By Asianet newsFirst Published Jul 31, 2016, 1:40 AM IST
Highlights

കൊച്ചി: സിപിഎം വിമതര്‍ക്ക് സിപിഐ അംഗത്വം നല്‍കിയതിനെച്ചൊല്ലി എറണാകുളത്ത് ഇടത് മുന്നണിയില്‍ ഭിന്നത.  സിപിഐ നടപടി ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കുമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. നിസാര പ്രശ്‌നത്തിന്റെ പേരില്‍ തകരുന്നതല്ല ഇടതു ഐക്യമെന്നു സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

ഉദയംപേരൂരില്‍ വിഭാഗീയതയുടെ പേരില്‍ സിപിഎം വിട്ടവരെ സിപിഐ ഇരു കൈയും നീട്ടി സ്വീകരിച്ച നടപടി  ഇടത് ഐക്യത്തെ തകര്‍ക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി പി രാജീവിന്റെ വിമര്‍ശനം. വര്‍ഗ വഞ്ചകരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാലയിട്ട് സ്വീകരിച്ചതു സങ്കുചിത താല്‍പര്യത്തിനാണെന്നും പ്രസ്താവനയില്‍ സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.

എന്നാല്‍  വര്‍ഗ വഞ്ചകരെയല്ല സിപിഐ സ്വീകരിച്ചതെന്നു ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെയാണു പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്. സിപിഎം വിട്ടുവരുന്നവരെ ഇനിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിമതര്‍ക്കെതിരെ സിപിഎം നേതൃത്വം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സിപിഐ നേതൃത്വം നിഷേധിക്കുന്നു. വിമതരെച്ചൊല്ലി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും  ജില്ലാ നേതൃത്വം പരസ്പരം  വിഴുപ്പലക്കലുമായി രംഗത്തു വന്നതോടെ ഇടതുമുന്നണിയിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

click me!