
തിരുവനന്തരപുരം: കുമ്മനം രാജശേഖരൻ ഗവർണ്ണറായി ചുമതലയേൽക്കുന്നതിലും പകരക്കാരൻറെ കാര്യത്തിലും ആശയക്കുഴപ്പം. കുമ്മനത്തെ ഗവർണ്ണറാക്കിയ രീതിയോട് ആർഎസ്എസ് സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ട്. ചർച്ചകൾക്കായി കുമ്മനം ദില്ലിക്ക് തിരിച്ചു.
പാർട്ടി നിർദ്ദേശിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാമെന്നായിരുന്നു കുമ്മനത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എന്നാല്‍, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ വച്ച് സംസ്ഥാന അധ്യക്ഷനെ ഗവർണ്ണറാക്കി മാറ്റിയതിൽ സംസ്ഥാന ആർഎസ്എസ്സിന് അതൃപ്തിയുണ്ട്. കുമ്മനത്തെ ഒഴിവാക്കിയെന്ന തോന്നലാണ് ആർഎസ്എസ്സിന്. ഇക്കാര്യം കുമ്മനവുമായി ആർഎസ് എസ് നേതാക്കൾ സംസാരിച്ചു. മിസോറാം ഗവർണ്ണറുടെ കാലാവധി നാളെ തീരും. നാളെത്തെന്ന ചുമതലയേൽക്കുമോ എന്നതിൽ കുമ്മനത്തോട് അടുത്തവൃത്തങ്ങൾ ഒന്നും പറയുന്നില്ല. ബിജെപി ദേശീയ നേതൃത്വവുമായി ഉടൻ ചർച്ച നടത്തും .
ആർഎസ് എസ്സിന് അതൃപ്തിയുണ്ടായിരിക്കെ കുമ്മനം എങ്ങിനെ പദവി ഏറ്റെടുക്കുമെന്നാണ് തടസ്സം. അതേസമയം. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ചേർന്നെടുത്ത് തീരുമാനം തള്ളിക്കളയുന്നതിലും പ്രശ്നമുണ്ട്. ഇക്കാര്യങ്ങളിൽ ദില്ലി ചർച്ചകൾ സുപ്രധാനമാണ്. പദവി ഏറ്റെടുക്കണമെങ്കിൽ ആർഎസ്എസ്സിന് കൂടി താല്പര്യമുള്ളയാളെ പകരക്കാരനാക്കണമെന്ന ഉപാധി ഒരുപക്ഷെ കുമ്മനം മുന്നോട് വെക്കാനും സാധ്യതയുണ്ട്. അതിനിടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനായി മുരളീധരവിഭാഗവും എംടി രമേശിനായി പികെ കൃഷ്ണദാസ് പക്ഷവും കരുക്കൾ നീക്കുന്നുണ്ട്. പിഎസ്.ശ്രീധരൻപിള്ള ആർഎസ് എസിൻറെ ബൗദ്ധിക വിഭാഗം പ്രജ്ഞാവാഹകിൻറെ തലപ്പത്തുള്ള ജെ.നന്ദകുമാർ വിജ്ഞാൻഭാരതിയിലെ എ ജയകുമാർ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam