
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജയിനിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സില്‍ ചരടുവലി. ഇടതു മുന്നണിയുടെ അവിശ്വാസത്തിന്‍റെ മറവില്‍ മേയറെ നീക്കാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിക്കുന്നത്. സൗമിനി ജെയിനിന്‍റെ രാജി ആവശ്യപ്പെട്ട ഇടതു മുന്നണിയില്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ അവിശ്വാസം വിജയിക്കണമെങ്കില്‍ ബിജെപിയിലേയും കോണ്‍ഗ്രസ്സിലെയും വിമതരുടെ സഹായം ആവശ്യമാണ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരം ഒരു നീക്കം ഇടത് മുന്നണി നടത്തിയേക്കും എന്നാണ് കോണ്‍ഗ്രസ്സിന്‍റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇതിനു മുന്നേ തന്നെ മേയറെ മാറ്റാനുള്ള ആലോചനയാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്. രണ്ടര വര്‍ഷം മേയര്‍ ആയി ഇരുന്നതിനാല്‍ ഇനി സ്ഥാനം ഒഴിയണം എന്നാണ് ചില നേതാക്കളുടെ ആവശ്യം.
സൗമിനി ജെയിന്‍ മേയര്‍ ആകുന്നതിനെ എതിര്‍ത്തിരുന്ന ചില എ ഗ്രൂപ്പ് നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മേയര്‍ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ ഇത്തരം ഒരു ധാരണ ഇല്ല എന്ന് അന്ന് കെപിസിസി പ്രസിഡന്‍റ് ആയിരുന്ന വി എം സുധീരന്‍ വ്യക്തമാക്കിയിരുന്നതാണ്. ഡിസിസി പ്രസിഡന്‍റായ ടി ജെ വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരുന്നതിനെതിരെയും നീക്കമുണ്ട്. ഇത് ഇരട്ടപ്പദവി ആണെന്നും അതിനാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിയണം എന്നുമാണ് ആവശ്യം.
കേവലം രണ്ട് അംഗങ്ങളുടെ ബലത്തിലാണ് യുഡിഎഫ് ഇവിടെ ഭരണം നിലനിര്‍ത്തുന്നത്. അതിനാല്‍ നേതൃമാറ്റത്തിലൂടെ അവിശ്വാസത്തെ ഒഴിവാക്കാന്‍ ആകും എന്നാണ് നേതാക്കള്‍ കണ്ടെത്തുന്ന ഉപായം. എന്നാല്‍ എ വിഭാഗത്തിലെ പല മുതിര്‍ന്ന നേതാക്കളും ഇത്തരം ഒരു നീക്കത്തിന് എതിരാണ്. കുഴപ്പങ്ങള്‍ ഇല്ലാതെ പോകുമ്പോള്‍ പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളുടെ പേരില്‍ നഗരഭരണം കളഞ്ഞുകുളിക്കരുത് എന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്.
മാത്രമല്ല ഡെപ്യൂട്ടി മേയറെ മാറ്റിയാല്‍ അതിന് അനുബന്ധമായി മറ്റ് സ്ഥിരം സമിതി അധ്യക്ഷന്‍മാരെയും മാറ്റേണ്ടി വരും. പല സ്ഥിരം സമിതികളും ഒരാളുടെ ബലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന്‍റെ കൈയ്യില്‍ നില്‍ക്കുന്നത് എന്നതിനാല്‍ അഴിച്ചുപണിക്ക് മുതിര്‍ന്നാല്‍ എല്ലാം കുഴപ്പത്തില്‍ ആകും എന്ന അഭിപ്രായമാണ് ചില നേതാക്കള്‍ക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam