
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിന്‍റെ തെളിവായി ഓഡിയോ ടേപ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ്. റയ്ച്ചൂര്‍ റൂറലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ബസന്‍ഗൗഡ ദദ്ദാലിന് ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി പണവും മന്ത്രിപദവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതായുള്ള ഓഡിയോ ക്ലിപ്പ് ആണ് കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടത്.
ബിജെപി പാളയത്തിലേക്ക് കൂറുമാറിയാല്‍ നിങ്ങള്‍ ഇത്രകാലവും നേടിയ സ്വത്തിന്‍റെ നൂറിരട്ടി നേടാമെന്ന് ക്ലിപ്പില്‍ ജനാര്‍ദ്ദന്‍ റെഡ്ഡി പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കൂടാതെ അമിത് ഷായുമായി തനിച്ചുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാമെന്നും. കുതിരക്കച്ചവടത്തിന് ബിജെപി പ്രസിഡന്‍റിന്‍റെ പൂര്‍ണപിന്തുണ തനിക്കുണ്ടെന്നും ബസന്‍ഗൗഡയോട് ജനാര്‍ദ്ദന്‍ റെഡ്ഡി പറഞ്ഞതായി വാര്‍ത്താസമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് ട്വിറ്ററില്‍ ആരോപിച്ചു. വാല്‍മീകി സമുദായത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് ബസന്‍ഗൗഡ ദദ്ദാല്‍.
ഓഡിയോ ക്ലിപ്പിന്‍റെ ഉള്ളടക്കം നിഷേധിക്കാത്ത ബിജെപി ഇത് കോണ്‍ഗ്രസിന്‍റെ 'വൃത്തികെട്ട കളി'യാണെന്ന് ആരോപിച്ചു. കര്‍ണാടകയുള്ള ചുമതലയുള്ള ബിജെപി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടേതാണ് പ്രതികരണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയാണെന്നാണ് ജാവദേക്കറുടെ ആരോപണം. അത് ജനമനസ്സ് തങ്ങള്‍ക്കൊപ്പമായതുകൊണ്ടാണെന്നും ഇത്തരത്തിലുള്ള ക്ലിപ്പുകള്‍ ഇന്ന് പുറത്തുവിടുന്നത് കോണ്‍ഗ്രസ് നാളെ തോല്‍ക്കുന്നതിന്‍റെ മുന്നോടിയാണെന്നും. അതേസമയം നാളെ വൈകിട്ട് നാല് മണിക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam