
അഹമ്മദാബാദ്: ഡിസംബറിൽ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് രാഹുൽഗാന്ധി ഇന്ന് തുടക്കം കുറിക്കും. മഹാസഖ്യത്തിന് ശ്രമിക്കുന്ന കോൺഗ്രസിന് ഇതുവരെ പട്ടേൽ, ദളിത് നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനായിട്ടില്ല. അതേസമയം മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുന്ന ബി.ജെ.പിയുടെ പ്രചാരണം നാളെ കൂറ്റൻ റാലിയോടെ മോദി ഉദ്ഘാടനം ചെയ്യും.
ദക്ഷിണഗുജറാത്തിലെ പ്രധാന നഗരങ്ങളായ ബറൂച്ചിലും സൂറത്തിലുമാണ് രാഹുൽ ഗാന്ധിയുടെ മൂന്ന് ദിവസത്തെ യാത്ര. ബറൂച്ചിനടത്തെ ജംബൂസറിൽനിന്നും തുടങ്ങി, താപി, വൽസാദ്, നവസരായ് ഏന്നീ പ്രദേശങ്ങളിൽ കർഷർ സ്ത്രീകൾ യുവാക്കൾ കച്ചവടക്കാർ എന്നിവരോടൊക്കെ രാഹുൽ സംവദിക്കും. വെള്ളിയാഴ് വൈകുന്നേരം സൂറത്തിൽ നടക്കുന്ന മഹാസമ്മേളനത്തോടെ രാഹുൽ ഗാന്ധി പര്യടനത്തിന്റെ ഈ ഘട്ടം പൂർത്തിയാക്കും. കഴിഞ്ഞ തവണ ദക്ഷിണ ഗുജറാത്തിലെ 35 സീറ്റിൽ 28 ഉം ബി.ജെ.പി തൂത്തുവാരിയിരുന്നു. എന്നാൽ അതൊക്കെ പഴങ്കഥയാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഇന്ത്യയിലെ വസ്ത്ര, വജ്ര വ്യാപാര തലസ്ഥാനമായ സൂറത്തിൽ നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും ശേഷം പ്രതിഷേധം ശക്തമാണ്. രണ്ടുകൊല്ലം മുമ്പ് പട്ടേൽ സംവരണ പ്രക്ഷോഭം നടന്നപ്പോൾ ഏറ്റവും ശക്തമായ സമരം നടന്നതും ദക്ഷിണ ഗുജറാത്തിലാണ്.
ആദിവാസികളും, കർഷകരും ധാരാളമുള്ള ഈ മേഖലയിൽ ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സൂറത്തിൽ ജിഎസ്ടിയാണ് പ്രധാന ചർച്ച. ജിഎസ്ടിയെ ഗബ്ബർ സിങ് ടാക്സെന്നു കളിയാക്കി രാഹുൽ നടത്തിയ പ്രചാരണം വ്യാപാരസമൂഹം ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജിഎസ്ടിയിൽ വ്യാപികൾ നേരിടുന്ന ബുദ്ധിമുട്ട് ഉടൻ പരിഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഇവർ തള്ളിക്കളയുന്നുമില്ല. പട്ടേൽ സമുദായനേതാവ് ഹാർദിക് പട്ടേലുമായും ദളിത് സമരനായകൻ ജിഗ്നേഷ് മേവാനിയുമായും രാഹുൽഗാന്ധിക്ക് ഇതുവരെ ചർച്ച നടത്താൻ കഴിഞ്ഞിട്ടില്ല. ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും സഖ്യം എളുപ്പം സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam