കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; മനസ്സ് തുറന്ന് സോണിയ

By Web DeskFirst Published Mar 10, 2018, 1:01 PM IST
Highlights
  • കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ പധവി
  • ചോദ്യത്തിന് സോണിയയുടെ മറുപടി

ദില്ലി: ഭാവിയില്‍ കോണ്‍ഗ്രസിന്റെ അധികാര സ്ഥാനം നെഹ്‌റു കുടുംബത്തില്‍നിന്ന് പുറത്തേക്ക് പോകുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ മറ്റൊരാള്‍ ആ സ്ഥാനത്തെത്തിയേക്കും എന്നാണ് സോണിയ പറഞ്ഞത്. തന്നേക്കാള്‍ മികച്ച പ്രധാനമന്ത്രിയാകാന്‍ കഴിയുക മന്‍മോഹന്‍സിംഗിനാണെന്ന് 2004 ലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. 

കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ പധവി നല്‍കുമോ എന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സോണിയ. കോണ്‍ഗ്രസില്‍ നേതാക്കളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ കുടുംബ വാഴ്ച നിലനില്‍ക്കുന്നുണ്ട്. ബുഷ് കുടുംബവും ക്ലിന്റന്‍ കുടുംബവുംഅമേരിക്കയില്‍ ഭരണം നടത്തിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഈ പിന്തുടര്‍ച്ച നിലനവില്‍ക്കുന്നുണ്ട്. 

കോണ്‍ഗ്രസിനെയും ജനങ്ങളെയും ചേര്‍ത്തുവയ്ക്കുവന്ന ഒരേ ഒരു ഘടകം സോണിയ ആണോ എന്ന ചോദ്യത്തിന് അതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണെന്നും ഇവിടെ മറ്റ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട് അവരോട് ചോദിക്കാമെന്നും സോണിയ പറഞ്ഞു. 

നേതാവെന്ന നിലയില്‍ തന്റെ പരിമിതികളെക്കുറിച്ചും സോണിയ തുറന്നുപറഞ്ഞു. നേതാവെന്ന നിലയില്‍ താന്‍ ഒരു സ്വാഭാവിക പ്രാസംഗിക അല്ലെന്ന് പറഞ്ഞ സോണിയ പ്രസംഗം നോക്കി വായിക്കുന്ന ആളെന്ന നിലയില്‍ ലീഡര്‍ എന്നു പറയുന്നതിനേക്കാള്‍ റീഡര്‍ എന്ന പേരാണ് തനിക്ക് ചേരുകയെന്നും പറഞ്ഞു. തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായാരിക്കുമെന്ന് തനിക്കറിയാമായിരുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ മറികടക്കുന്നതിനും ജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുമായി പുതിയ ശൈലികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും സോണിയ വ്യക്തമാക്കി. 

വിയോജിപ്പിനും സംവാദത്തിനുമുള്ള ഇടമാണ് ജനാധിപത്യം നല്‍കുന്നത്. അല്ലാതെ ആത്മഗതതത്തിന് മാത്രമുള്ളതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ സോണിയ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തെ ഇകഴ്ത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയും സോണിയ തുറന്നടിച്ചു. 2014ന് മുമ്പ് രാജ്യം ഇരുട്ടിലായിരുന്നു എന്നാണോ അവര്‍ പറയുന്നത്. 2014നുശേഷം രാജ്യം സമ്പദ് സമൃദ്ധിയിലേക്ക് എത്തിയോ. സാധാരണക്കാരുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്നതാണ് ഇത്തരം അവകാശവാദങ്ങള്‍.
 

click me!