മുങ്ങിയ എംഎല്‍എ ഇന്ന് പൊങ്ങുമെന്ന് കോണ്‍ഗ്രസ്

By Pranav PrakashFirst Published May 19, 2018, 9:42 AM IST
Highlights
  • ഈ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ഇയാളെ ആരും കണ്ടിട്ടില്ല

ബെംഗളൂരു: മുന്‍ബിജെപി മന്ത്രിയും ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുകയും ചെയ്ത ആനന്ദ് സിങ് തങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കാണാതായ ഈ എംഎല്‍എ എവിടെയാണെന്നോ ഇയാള്‍ ആരുടെ പക്ഷത്താണെന്നോ ഇതുവരെ വ്യക്തമല്ല. 

ബിജെപി നേതാക്കളായ ബി.ശ്രീരാമലുവിന്റേയും റെഡ്ഡി സഹോദരങ്ങളുടേയും ശക്തികേന്ദ്രമായ ബെല്ലാരി ജില്ലയിലെ വിജയനഗരയില്‍ നിന്നുമാണ് ആനന്ദ് സിംഗ് ജയിച്ചത്. ഖനി-ആശുപത്രി വ്യവസായരംഗത്തെ പ്രമുഖനായ ആനന്ദ് സിംഗ് റെഡ്ഡി സഹോദരങ്ങളുടെ അടുത്ത ആളായിട്ടായിരുന്നു അറിയപ്പെട്ടത്.  2008-2013 കാലഘട്ടത്തില്‍ ബിജെപി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്നു ആനന്ദ് സിംഗ്. 

ഈ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ഇയാളെ ആരും കണ്ടിട്ടില്ല. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തിനോ രാജ്ഭവന് മുന്നിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രക്ഷോഭത്തിലോ ആനന്ദ് സിംഗ് എത്തിയിട്ടില്ല. 

ആനന്ദ്‌സിംഗിനെ ബിജെപിക്കാര്‍ കിഡ്‌നാപ്പ് ചെയ്തുവെന്ന് നേരത്തെ സിദ്ധരാമയ്യ ആരോപിച്ചിരുന്നു. എന്നാല്‍ ആനന്ദ് സിംഗുമായി തങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിശ്വാസവോട്ടെടുപ്പില്‍ അദ്ദേഹം തങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി ശനിയാഴ്ച്ച  രാവിലെ അറിയിച്ചത്.
 

click me!