
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ദില്ലിയില്‍. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ സമയക്രമം ഇന്ന് നിശ്ചയിക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം. ഡിസംബര്‍ ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവിധമുള്ള സമയക്രമമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് നല്‍കിയത്. രാഹുല്‍ ഗാന്ധി എതിരില്ലാതെ അധ്യക്ഷനാകാനാണ് സാധ്യത.
ഗുജറാത്ത് നിയമസഭ തെരെഞ്ഞെടിപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് സ്ഥാനാരോഹണം ഉണ്ടായേക്കും. അതേസമയം ഗുജറാത്തില്‍ കോണ്‍ഗ്രസ് 77 പേരടങ്ങിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടേല്‍ സമുദായത്തില്‍പെട്ട 20 പേര്‍ക്ക് സീറ്റ് നല്‍കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രംഗത്തെത്തി.
ഡിസംബര്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ബുധനാഴ്ച്ചയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലൊന്നായ ശക്തിസിംഗ് ഗോഹില്‍ സിറ്റിംഗ് സീറ്റ് വിട്ട് കച്ചിലെ മാണ്ഡവിയില്‍ നിന്നും ജനവിധിതേടും. മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മോദ്വാഡിയ പോര്‍ബന്ധറില്‍ മത്സരിക്കും.
കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്തെന്നും ഹര്‍ദിക് പട്ടേല്‍ ഇന്ന് രാജ്കോട്ടിലെ പൊതുസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 11 പേരും പട്ടികജാതി വിഭാഗത്തില്‍പെട്ട ഏഴ് പേരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam