സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന

By Web DeskFirst Published Jun 10, 2018, 7:29 PM IST
Highlights
  • കൊലപാതകം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയാണ് ഗുണ്ടാത്തവലനായ ലോറന്‍സ് ബിഷ്ണോയ്. 

ഹരിയാന: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ നടത്തിയ ഗുഢാലോചന പരാജയപ്പെടുത്തിയതായി ഹരിയാന പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ട സമ്പത്ത് നെഹ്റയെ അറസ്റ്റ് ചെയ്തു.

ഹൈദരാബാദിലെ ഒളിസങ്കേതത്തില്‍ നിന്നാണ് സമ്പത്ത് നെഹ്റയെ ഹരിയാനാ പൊലീസിന്‍റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്ത്. 98 ല്‍ ജോധ്പൂരില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബിഷ്ണോയി സമൂഹം ആരാധനയോടെ കാണുന്ന മൃഗമാണ് കൃഷ്ണമൃഗം. 

ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുന്നതിനായി സമ്പത്ത് നെഹ്റ, സല്‍മാഖാന്‍റെ മുംബേയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സമീപം റിഹേഴ്സല്‍ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപാര്‍ട്മെന്‍റിന്‍റെ ചിത്രമെടുക്കുകയു ചെയ്തു. അടുത്താഴ്ച വീണ്ടും മുംബൈ സന്ദര്‍ശിക്കാനിരിക്കെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയാണ് ഗുണ്ടാത്തവലനായ ലോറന്‍സ് ബിഷ്ണോയ്. 

കഴിഞ്ഞ ജനുവരിയില്‍, ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകവേ, സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഇയാള്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ബിഷ്ണോയ് ജനത എന്താണെന്ന് സല്മാഖാന് കാട്ടിക്കൊടുക്കുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പൊലീസ് ഭീഷണി കാര്യമായി എടുത്തില്ല. ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലുടെ ഇയാള്‍ ഗുണ്ടാ  ശൃംഖലയുമായി ബന്ധപ്പെടുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സല്‍മാനെ വധിക്കാനുള്ള ഗൂഢാലോചന പുറത്ത് കൊണ്ടു വന്നത്. 

click me!