മദ്യപാനി ആയിരുന്നതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കാനാവില്ല: ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം

By Web DeskFirst Published May 15, 2018, 10:32 AM IST
Highlights
  • മദ്യപാനി ആയിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് നിരസിക്കാനാവില്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം
  • എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്‍റെതാണ് വിധി

കൊച്ചി: മദ്യപാനി ആയിരുന്നു എന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കാനുള്ള കാരണം അല്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടിക്കെതിരെ വിധിച്ചത്. പരാതിക്കാരന് 50,000 രൂപ കമ്പനി നഷ്ടപരിഹാരം നല്‍കാനും ഫോറം ഉത്തരവിട്ടു. 

കോതമംഗലം സ്വദേശിയായ ബിജോയ്‌ ആര്‍ ആണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഇയാള്‍ കുടുംബത്തിനായി മെഡിക്ലെയിം പോളിസി എടുത്തിരുന്നു. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ പോളിസിയാണ് എടുത്തത്‌.  

2015 ല്‍ ബിജോയ്‌ കോലഞ്ചേരിയിലെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി ചികിത്സ തേടിയിരുന്നു. ആഗ്നേയഗ്രന്ഥിയുടെ വീക്കവും (പാൻക്രിയാറ്റിറ്റിസ്) അന്നനാളം ദ്രവിക്കുന്നതും ആയിരുന്നു രോഗം. ഇന്‍ഷുറന്‍സിന് അപേക്ഷിച്ചെങ്കിലും നിരന്തരമായ മദ്യപാനം മൂലമാണ് അസുഖം പിടിപെട്ടതെന്നും അതിനാല്‍ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള തുക നല്‍കാന്‍ സാധിക്കില്ല എന്നുമായിരുന്നു കമ്പനിയുടെ നിലപാട്. ഇതിനെതിരെ ബിജോയ്‌ കോടതിയെ സമീപിക്കുകയായിരുന്നു. 

2012 വരെ മദ്യപാനം ഉണ്ടായിരുന്നെന്ന് ബിജോയ്‌ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ നിലവിലെ അസുഖത്തിന് മദ്യപാനവുമായി യാതൊരു ബന്ധവും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല. മാത്രവുമല്ല ക്ലെയിം നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിച്ച രേഖകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫോറം വ്യക്തമാക്കി. മാത്രവുമല്ല ക്ലെയിം നിരസിച്ചതുമൂലം ബിജോയ്‌ ഏറെ മാനസിക സമ്മര്‍ദം അനുഭവിച്ചെന്നും ഫോറം നിരീക്ഷിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരന് കമ്പനി നഷ്ടപരിഹാരം നല്‍കണം എന്ന് വിധിക്കുകയായിരുന്നു. 

click me!