ഉടുമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിച്ച സംഭവം; അച്ഛനും മകനും അറസ്റ്റില്‍

By Web DeskFirst Published Jun 11, 2018, 10:39 PM IST
Highlights
  • ചന്ദ്രന്‍റെ പുരയിടത്തില്‍ നിന്നാണ് ഉടുമ്പിനെ പിടികൂടി പാചകം ചെയ്തത്.

കോഴിക്കോട് : ഉടുമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും വനംവകുപ്പ് അധികൃതര്‍ പിടികൂടി. ഉണ്ണികുളം ഇയ്യാട് ഉളിക്കുന്നുമ്മല്‍ ചന്ദ്രന്‍ (46), മകന്‍ നിഥുല്‍ ചന്ദ്രന്‍ (21) എന്നിവരെയാണ് കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. പത്മനാഭന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ഷെയ്ക് ഹൈദര്‍ ഹുസൈന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ്‌കുമാറിന്‍റെ നിര്‍ദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്. 

കേസില്‍ പ്രതികളായ ഇയ്യാട് ഉളിക്കുന്നുമ്മല്‍ അജയ്ജിത്ത്, തലയാട് സ്വദേശി ദിഷ്ണു എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു ബൈക്ക് പിടികൂടാനുണ്ട്. ചന്ദ്രന്‍റെ പുരയിടത്തില്‍ നിന്നാണ് ഉടുമ്പിനെ പിടികൂടി പാചകം ചെയ്തത്.  പുരയിടത്തില്‍ കുഴിച്ചിട്ട അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമ പ്രകാരം അതീവ സംരക്ഷണ പ്രാധാന്യമുള്ള ജീവിയാണ് ഉടുമ്പ്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ‌.പി. ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. പ്രദീപ്കുമാര്‍, കെ.കെ. സജീവ്കുമാര്‍, രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം. വബീഷ്, എ. ആസിഫ്, പി. പ്രസാദ്, ഇ. പ്രജീഷ്, ഷെനില്‍, ആന്‍സി, ഡയാന, വാച്ചര്‍ എ. കെ. ജയേഷും എന്നിവരും സംഘത്തിനുണ്ടായിരുന്നു.

click me!