
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഉത്തരവിലുള്ളത്. 2024ൽ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പാണ് പുറത്ത് വന്നിട്ടുള്ളത്.
അതേ സമയം ശബരിമല സ്വർണ കവർച്ച കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. തട്ടിപ്പിൽ ഉന്നതരുടെ കൂടുതൽ ഇടപെടൽ അടക്കം റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം. ശബരിമല സ്വർണ തട്ടിപ്പിൽ ഇതേവരെ അറസ്റ്റ് ചെയ്തത് മൂന്നു പേരെ. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ. ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്ത് ഇപ്പോള്‍ കസ്റ്റഡിയിലാണ്. ശബരിമല മുൻ പ്രസിഡൻറും കമ്മീഷണറുമായിരുന്ന എൻ.വാസുവിൻെറ മൊഴിയും രേഖപ്പെടുത്തി. ശബരിമല സ്വർണ തട്ടിപ്പിൻെറ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമ്പോഴാണ് അന്വഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നത്.
സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണം വിൽപ്പന നടത്തിയതിലും അടക്കം ബോർഡിലുണ്ടായിരുന്ന ആർക്കൊക്കെ അറിവുണ്ടായിരുന്നുവെന്നതിൽ എസ്ഐടിക്ക് വ്യക്തത വന്നിട്ടുണ്ട്. ഇതിനിടെ ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങിളിൽ കൊണ്ടുപോയി പോറ്റിയുടെ തെളിവെടുപ്പ് കഴിഞ്ഞു. കാണാതായതിന് സമാനമായ അളവിലെ സ്വർണ്ണം കണ്ടെടുത്തു. സ്വർണം വേർതിരിച്ചെടുത്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരുന്നു.
ഉന്നത ഗൂഢാലോചനയിലെ തിരക്കഥ പോലെ ബാക്കി വന്ന സ്വർണ്ണം നിർധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്താൻ ഉപയോഗിക്കാൻ അനുമതി തേടി പോറ്റി കത്തെഴുതുമ്പോള്‍ പ്രസിഡൻറ് എൻ. വാസുവായിരുന്നു. ഈ കത്ത് വാസു തുടർ നടപടിക്കായി അയക്കുന്നത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്. ഇതേ സുധീഷ് കുമാർ പിന്നീട് വാസുവിൻെറ പിഎയായി മാറി. ബാക്കി സ്വർണം എന്തു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ തുടർനടപടികള്‍ എന്തായെന്ന് അറിയില്ലെന്നാണ് വാസു പറയുന്നത്.
പക്ഷെ ഇക്കാര്യത്തിൽ സുധീഷ് കുമാർ നൽകിയ മൊഴി നിർണായകമാണ്. ഏറ്റവും ഒടുവിൽ ദ്വാരപാലക ശിൽപ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുുോകാനായി ബോർഡ് തീരുമാന പ്രകാരം സെക്രട്ടറി 2024ൽ ഇറക്കിയ ഉത്തരവിലുമുള്ളത് ചെമ്പെന്ന പരാമർശം . സ്വർണം പൂശിയ ചെമ്പു തകിടുകള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയ കത്തിലാണ്ചെമ്പ് തകിടെന്ന് രേഖപ്പെടുത്തിയത്. ഈ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ദേവസ്വം സ്പെഷ്യൽ കമ്മീഷണർ അറിയാതെ പാളികള്‍ പുറത്തേക്ക് കൊണ്ടുപോതാണ് വിവാദമായതും അന്വേഷണത്തിലേക്ക് വരെ എത്തിയതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam