
ഓഖി ദുരന്തം വിതച്ച് മൂന്നുദിവസം പിന്നിടുമ്പോള്‍ തീരത്തേക്ക് ഇനി മടങ്ങിയെത്താനുളളത് 126 പേരെന്ന് സര്‍ക്കാര്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ഇന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. തീരത്ത് കനത്ത ആശങ്ക നിലനില്‍ക്കെ, കടലില്‍ പോയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഓഖി കേരള തീരം വിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ഭയപ്പാടും ആശങ്കയും ഒഴിയാതെ തീരദേശവാസികള്‍. 126 പേര്‍ ഇനിയും എത്താനുണ്ടെന്നാണ് റവന്യുവകുപ്പിന്റെ കണക്ക്. അതില്‍ കൂടുതലുണ്ടെന്ന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് മാത്രം കടലില്‍പ്പോയ 110പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ലത്തീന്‍ സഭയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസിന്റെ കണക്ക്. സേന രക്ഷിച്ച് ലക്ഷദ്വീപിലെത്തിച്ച വരില്‍ എത്ര മലയാളികളുണ്ടെന്ന കണക്ക് കൂടി അറിയണം. കടലില്‍ കുടുങ്ങിയ പലരും വളളംഉപേക്ഷിച്ച് തിരിച്ച് വരാന്‍ വിസമ്മതിക്കുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.
ഓപ്പറേഷന്‍ സിനര്‍ജി തുടരുന്നു. കഴക്കൂട്ടത്ത് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് തുമ്പയില്‍ കണ്‍ട്രോള്‍ റൂം തുറക്കുന്നുണ്ട്. തീരത്ത് അപ്പപ്പോള്‍ വിവരങ്ങള്‍ എത്തിക്കാനാണിത്. കനത്ത നാശം ഉണ്ടായ സാഹചര്യത്തിലാണ് ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം. കൂടുതല്‍ സാമ്പത്തികസഹായവും ബോട്ടും വള്ളവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായങ്ങളും പുനരധിവാസവും ഒക്കെ ഉറപ്പാക്കാനാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam