
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഗീത ഗോപിനാഥിന്‍റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്‍റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും ചെലവു ചുരുക്കലിന്‍റെ പേരിൽ പെന്‍ഷനും, ക്ഷേമപദ്ധതികൾ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണെന്നു പറയുന്ന മുഖപ്രസംഗം അതേസമയം, ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയെ സമീപിക്കൂ എന്നുവേണം കരുതാൻ എന്നും സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്‌പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്- മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുഖമുദ്രയാണ് ചെലവുചുരുക്കല്‍. അതിന്‍റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരുമാണ്. അത് ഗ്രീസ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചത്. ചെലവുചുരുക്കല്‍ എന്ന നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ കടപുഴക്കുകയും പലതിന്‍റെയും തിരോധാനത്തിനുതന്നെ കാരണമാവുകയും ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കുന്ന ജനയുഗം ഇവിടെയാണ് സര്‍ക്കാരിന്‍റെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റിയുള്ള അവരുടെ പരാമര്‍ശം കൂട്ടിവായിക്കപ്പെടേണ്ടതെന്നും ഓർമിപ്പിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം, വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവ അധിക ചെലവുകളാണെന്നും അവ പലതും നിയന്ത്രിക്കേണ്ടതും നിഷേധിക്കേണ്ടതുമാണെന്നുള്ള അഭിപ്രായങ്ങള്‍ക്ക് നവലിബറല്‍ കാലത്ത് ഏറെ പിന്തുണ ലഭിച്ചുപോരുന്നുണ്ടെങ്കിലും ഇത്തരം അഭിപ്രായപ്രകടനങ്ങൾ അതിന്‍റെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള അവബോധത്തിന്‍റെ അഭാവത്തിലാണെന്നും കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam