മുഖ്യമന്ത്രിയും പാര്‍ട്ടിയും പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കുമ്മനം

By Web DeskFirst Published Dec 20, 2016, 12:46 PM IST
Highlights

പൊലിസിന്റെ പിടിയിലായ ആൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പൊലീസാണ്. അതിന് മുൻപ് തന്നെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി അന്വേഷണം അട്ടിമറിക്കാനാണ് സി.പി.എം നേതാക്കൾ ശ്രമിച്ചത്. രാഷ്ട്രീയ സമ്മർദ്ദം മൂലം ഏത് അന്വേഷണവും അട്ടിമറിക്കാൻ സാധിക്കും എന്ന അവസ്ഥയുണ്ടാകുന്നത് ആപത്താണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ പോലും സിപിഎം ഇടപെട്ട് സ്റ്റേഷൻ ജാമ്യം നൽകിയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന വരാനിരിക്കുന്ന വിപത്തിന്‍റെ സൂചനയാണ്. നിരപരാധിയാണെന്ന് അന്വേഷണത്തിൽ തെളിയുന്നതിന് മുൻപ് തന്നെ ഒരാളെ രാഷ്ട്രീയ സമ്മർദ്ദം മൂലം വിട്ടയക്കേണ്ടി വരുന്നത് നിയമ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്നതാണ്. തനിക്കെതിരെ തിരിഞ്ഞ പാർട്ടിയിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. 

ബാർ കോഴക്കേസ് അന്വേഷണ ഘട്ടത്തിൽ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.എം മാണിയെ ന്യായീകരിച്ചതിനെതിരെ രംഗത്ത് വന്ന പിണറായി വിജയനും സിപിഎം നേതാക്കളും ഭരണത്തിലെത്തിയതോടെ പറ‍ഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണെന്നും കുമ്മനം പറഞ്ഞു. കെ.എസ്.ആർ.ടി.സി യാത്രാക്കൂലി കൂട്ടിയ സർക്കാര്‍ നടപടി ജനദ്രോഹമാണ്. ഭരണത്തിലെത്തിയാൽ അഞ്ച് വർഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് വാഗ്ദാനം ചെയ്ത സി.പി.എം 10 മാസത്തിനുള്ളിൽ തന്നെ വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ യാത്രാക്കൂലി കൂട്ടിയത് സ്വകാര്യ ബസുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. ഇതോടെ സ്വകാര്യ ബസുകളുടെ ചാർജ്ജും കൂട്ടാൻ സർക്കാർ നിർബന്ധിതമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാവും സ്വകാര്യ ബസുടമകൾ ഇനി സമരത്തിന് പോവുകയെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

click me!