
കണ്ണൂര്‍: പയ്യന്നൂരില്‍ ഡിവൈഎഫ്ഐ നേതാവ് നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയ നടപടി ആഭ്യന്തരവകുപ്പ് തിരുത്തണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് ഡിവൈഎഫ്ഐ നേതാവായ നന്ദകുമാര്‍. പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡടക്കം പയ്യന്നൂരിലെ ഇരട്ടക്കൊലപാതകങ്ങളിലെ പൊലീസ് നടപടികള്‍ക്കെതിരെ സിപിഎമ്മില്‍ ഉയര്‍ന്ന അമര്‍ഷമാണ് ഒടുവില്‍ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രത്യക്ഷ സമരത്തിലേക്കെത്തിയിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാപ്പക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ത്തിയ സിപിഎം നയിക്കുന്ന പുതിയ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, ഡിവൈഎഫ്ഐ നേതാവിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയതോടെ അമര്‍ഷം ആഭ്യന്തര വകുപ്പിനെതിരായി. ഇക്കാര്യത്തില്‍ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളുടേതടക്കമുള്ള പ്രതികരണങ്ങള്‍.പാടത്ത് പണിക്ക് വരമ്പത്ത് കൂലിയെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ പ്രസ്താവന മുതല്‍ ഏറ്റവുമൊടുവില്‍ ജില്ലാ സെക്രട്ടറി നയിച്ച പൊലീസ് സ്റ്റേഷന്‍ ഉപരോധം വരെ ഈ വികാരമാണ് ഉയരുന്നത്.
കണ്ണൂര്‍ എസ്.പി സഞ്ജയ് ഗുരുഡിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍. എസ്.പിക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്നാണ് സിപിഎം ആരോപണം.സമരം നടന്നു കൊണ്ടിരിക്കെ ഉത്തരമേഖലാ എഡിജിപിയും കണ്ണൂര്‍ റേഞ്ച് ഐ.ജിയും കണ്ണൂരിലെത്തി എസ്.പിയുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി ഉയര്‍ത്തിയ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എന്താണെന്നതാകും ഇക്കാര്യത്തില്‍ കണ്ണൂരില്‍ വരും ദിവസങ്ങളിലെ പ്രതീകരണങ്ങളുടെ ഗതി നിര്‍ണ്ണയിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam