ക്യാംപസ് ഫ്രണ്ടിനെ ക്യാംപസുകളില്‍ നിന്നും തുടച്ചു മാറ്റുമെന്ന് സിപിഎം

Web desk |  
Published : Jul 02, 2018, 10:59 AM ISTUpdated : Oct 02, 2018, 06:44 AM IST
ക്യാംപസ് ഫ്രണ്ടിനെ ക്യാംപസുകളില്‍ നിന്നും തുടച്ചു മാറ്റുമെന്ന് സിപിഎം

Synopsis

അവരെ ക്യാംപസില്‍ നിന്ന് രാഷ്ട്രീയമായി  തുടച്ചു നീക്കുക എന്നതാണ് ഇനി എസ്.എഫ്.ഐയുടെ ദൗത്യം. അവര്‍ ഉയര്‍ത്തിയ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു -- തോമസ് ഐസക്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസകും സിപിഎം നേതാക്കളും. കേരളത്തിന്‍റെ മതേതര-പുരോഗമന ചിന്തകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ക്യാംപസ് ഫ്രണ്ട് ഉയര്‍ത്തുന്നതെന്നും കേരളത്തിലെ ക്യംപസുകളില്‍ നിന്ന് ക്യാംപസ് ഫ്രണ്ടിനെ തുടച്ചു മാറ്റുക എന്ന രാഷ്ട്രീയ വെല്ലുവിളി തങ്ങള്‍ ഏറ്റെടുക്കുകയാണെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഹാരാജാസ് ക്യാംപസില്‍ കഴിഞ്ഞ കുറച്ചു കാലമായി ക്യാംപസ് ഫ്രണ്ടിന്‍റെ നേതൃത്തില്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ട്. ഹാദിയ വിഷയത്തിന്‍റെ പേരില്‍ മഹാരാജാസിലെത്തിയ വനിതാ കമ്മീഷന്‍ ചെയര്‍മാനെ തടയാനും  ആക്ഷേപിച്ചു മടക്കിവിടാനും ശ്രമിച്ചത് ക്യാംപസ് ഫ്രണ്ടാണ്. ആര്‍.എസ്.എസ് പോലെ നമ്മുടെ മതേതര-പുരോഗമന ചിന്തകളാണ് എതിരാണ് ക്യാംപസ് ഫ്രണ്ടും. അവരെ ക്യാംപസില്‍ നിന്ന് തുടച്ചു നീക്കുക എന്നതാണ് ഇനി എസ്.എഫ്.ഐയുടെ ദൗത്യം. അവര്‍ ഉയര്‍ത്തിയ വെല്ലുവിളി ഞങ്ങള്‍ രാഷ്ട്രീയമായി ഏറ്റെടുക്കുന്നു -- തോമസ് ഐസക് പറഞ്ഞു.  

അഭിമന്യുവിനേയും അര്‍ജുനേയും അക്രമിച്ചവരെയും കൊലപാതകം ആസൂത്രണം ചെയ്തവരേയും പിടികൂടണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ആവശ്യപ്പെട്ടു. കൊലപാതകം നടപ്പാക്കിയത് പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്നും കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സി.എന്‍.മോഹനന്‍ ആരോപിച്ചു. 

ഞായാറാഴ്ച്ച വൈകിട്ട് വരെയും ഇടുക്കി വട്ടവിളയിലുണ്ടായിരുന്ന അഭിമന്യു രാത്രി പതിനൊന്ന് മണിയോടെയാണ് ക്യാംപസിലെത്തിയതെന്നും അവിടെ വന്ന ഒരു മണിക്കൂറിനുള്ളില്‍ തന്നെ അഭിമന്യുവിനെ കുത്തിക്കൊന്നെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെയുണ്ടായ അടിപിടിയൊന്നുമല്ല കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. 

ഇരുപതോളം വരുന്ന അക്രമികള്‍ അര്‍ജുനേയും അഭിമന്യുവിനേയും വളഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. അഭിമന്യുവിനെ പിടിച്ചു വച്ചു നെഞ്ചില്‍ കത്തികയറ്റിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒറ്റകുത്തില്‍ തന്നെ ആ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന അര്‍ജുനേയും സമാനമായ രീതിയില്‍ പിടിച്ചു വച്ച ശേഷം മര്‍മ്മഭാഗത്താണ് കുത്തിയതെന്നും സി.എന്‍.മോഹനന്‍ ചൂണ്ടിക്കാട്ടി. 

തീവ്രവാദ പശ്ചാത്തലമുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്ന് 

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു. വട്ടവിള എന്ന ഇടുക്കിയിലെ പിന്നോക്ക ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുമാണ് അഭിമന്യു മഹാരാജാസില്‍ പഠിക്കാനെത്തിയത്. ഞായാറാഴ്ച്ച വൈകിട്ട് വരെ വട്ടവിളയിലുണ്ടായിരുന്ന അഭിമന്യു പച്ചക്കറിയുമായി കൊച്ചിയിലേക്ക് വന്ന ചരക്കുവണ്ടിയില്‍ കയറിയാണ് രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെത്തിയതെന്നും കെക.ജയചന്ദ്രന്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര