
ദില്ലി: ദില്ലിയില്‍ തുടരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്ഥാനഘടകത്തിന്റെ നടപടിയെ വിമര്‍ശിച്ചു. കേന്ദ്രകമ്മിറ്റി ചേരും മുമ്പ് ബംഗാള്‍ ഘടകത്തെ പിബി പരസ്യമായി വിമര്‍ശിച്ചതില്‍ ബംഗാള്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഏതു സാഹചര്യത്തിലും കോണ്‍ഗ്രസുമായി സഹകരണം പാടില്ല എന്ന ശക്തമായ നിലപാടാണ് കേരളം കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചത്. ചര്‍ച്ചയ്ക്കു ശേഷം ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം വിഎസിന്റെ പദവിയും ചര്‍ച്ച ചെയ്യും.
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്റെ നിലപാട് തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയില്‍ വച്ചത്. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയില്‍ പാര്‍ട്ടിക്കുള്ളിലെ കടുത്ത ഭിന്നത നിഴലിച്ചു നിന്നു. പിബി റിപ്പോര്‍ട്ടിനോട് യോജിച്ചു കൊണ്ടാണ് ഭൂരിപക്ഷം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. അതോടൊപ്പം തന്നെ ബംഗാളില്‍ പ്രതിരോധനത്തിന് ആവശ്യമായതെല്ലാം ചെയ്യണമെന്ന നിര്‍ദ്ദേശവുമുണ്ടായി. പിബി റിപ്പോര്‍ട്ടിനൊപ്പം ബംഗാള്‍ ഘടകത്തിന്റെ നിലപാടും കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണ് ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ലക്ഷ്യം വച്ചത്. കൊല്ക്കത്തയില്‍ പാര്‍ട്ടി പ്‌ളീനത്തിനിടെ വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് കാരാട്ട് പറഞ്ഞിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ഗൗതം ദേബ് ചൂണ്ടിക്കാട്ടി. ഇതിന്റെ സിഡിയും ഗൗതം ദേബ് കൊണ്ടു വന്നു. പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര കമ്മിറ്റിയോ ചേരും മുമ്പ് ബംഗാളിനെ പരസ്യമായി തള്ളിക്കൊണ്ട് പിബി പ്രസ്താവന ഇറക്കിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ചര്‍ച്ച പൂര്‍ത്തിയായ ശേഷം പോളിറ്റ് ബ്യൂറോ യോഗം ചേരും. പിബിയില്‍ വിഎസിന്റെ പദവിയും ചര്‍ച്ചയ്ക്കു വന്നേക്കും. വിഎസുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സീതാറാം യെച്ചൂരി അറിയിക്കും. പാര്‍ട്ടി പദവികളോടാണ് താല്പര്യമെന്ന് വിഎസ് പറഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റിലോ സമിതിയിലോ ഉള്‍പ്പെടുത്തുക എളുപ്പമാവില്ലെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam