മാണിയെ എല്‍ഡിഎഫിലെടുക്കരുതെന്ന് സിപിഎം കോട്ടയം ജില്ലാകമ്മറ്റി

By Web DeskFirst Published Oct 13, 2017, 11:06 PM IST
Highlights

കോട്ടയം: സോളാര്‍ കേസില്‍ ജോസ് കെ  മാണിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തഎല്‍ കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫിലേക്കെടുക്കാന്‍ കഴിയില്ലെന്ന നിലപാടുമായി സിപിഎം കോട്ടയം ജില്ലാസെക്രട്ടറി രംഗത്തെത്തി. ജീര്‍ണ്ണിച്ച പാര്‍ട്ടികളുമായി സന്ധിവേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കുള്ളതെന്ന്  വി.എന്‍ വാസവന്‍ പറഞ്ഞു. ഇതോടെ കേരളകോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനമെന്ന മോഹം  അടഞ്ഞു.
 
ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുപോകാനുള്ള നീക്കം ശക്തമാക്കുമ്പോഴാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ തീരുമാനം വരുന്നത്. ജോസ് കെ മാണിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളകോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക എല്‍ഡിഫിന് അസാധ്യമാണ്. ഇക്കാര്യത്തില്‍ സിപിഐ നിലപാട് കൂടുതല്‍ കടുപ്പിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സഖ്യത്തെ തള്ളി സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയത്

ഡിസംബറില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുന്നണി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കെ എം മാണിയുടെ പ്രഖ്യാപനം. ജോസ് കെ മാണിയുടെ സമ്മര്‍ദ്ദഫലമായാണ് തല്‍ക്കാലം യുഡിഎഫിലേക്കില്ലെന്ന മാണിയുടെ പ്രസ്താവന വന്നതും. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതോടെ യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയെക്കുറിച്ച് തല്ക്കാലം ആലോചിക്കുക പ്രയാസമാകും.

click me!