കണ്ണൂരില്‍ സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ്; ഹലാല്‍ മാംസവും ലഭ്യമാക്കണമെന്ന് മന്ത്രി കെ ടി ജലീല്‍

By Web DeskFirst Published Jul 25, 2017, 6:52 AM IST
Highlights

കണ്ണൂര്‍: കണ്ണൂരില്‍ പലിശരഹിത ഇസ്ലാമിക് ബാങ്കിന്റെ ഓഹരി സമാഹരണത്തിന് തുടക്കം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന് കീഴിലാണ് ബാങ്ക് തുടങ്ങുന്നത്. ബാങ്കിങ്ങിനൊപ്പം ഹലാല്‍ മാംസ വിതരണ രംഗത്തേക്കും സൊസൈറ്റി ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം തുടക്കം കുറിച്ച ഹലാല്‍ ഫാഇദ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യ സംരംഭമാണ് പലിശരഹിത ബാങ്കിങ്. പലിശരഹിത ഇടപാടുകള്‍ക്ക്  മുസ്ലിം സമുദായത്തിനിടയിലടക്കം ഉള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് കണ്ണൂരില്‍ നിന്നുള്ള തുടക്കം. ഈ ചടങ്ങിലാണ്, നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് സൊസൈറ്റി മാംസ വ്യാപാരരംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞത്. ഫാസിസത്തിന് എതിരായുള്ള പോരാട്ടമാകും ഇതെന്ന് മന്ത്രി വിലയിരുത്തതുകയും ചെയ്തു.  

സിപിഎം ജില്ലാക്കമ്മിറ്റിയംഗം എം ഷാജറാണ് സൊസൈറ്റിയുടെയും ബാങ്കിന്റെയും നേതൃത്വത്തിലുള്ളത്. ഓഹരി സമാഹരണത്തിന് തുടക്കം കുറിച്ച ചടങ്ങില്‍ സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി ജയരാജന്‍, തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ എന്നിവരും പങ്കെടുത്തു.  പ്രവാസികളില്‍ നിന്നടക്കം വലിയ പിന്തുണ സംരംഭത്തിനുണ്ടാകുമെന്ന കണക്കുകൂട്ടലാണ് സഹകരണ സംഘത്തിനുള്ളത്.

click me!