ദേവികുളം സബ്കളക്ടര്‍ക്കെതിരെ പുതിയ പരാതിയുമായി സി.പി.എം

By Web DeskFirst Published Apr 14, 2017, 2:08 AM IST
Highlights

കയ്യേറ്റക്കാരെ ശക്തമായി നേരിട്ടതിന് റവന്യൂ മന്ത്രിയുടെ അഭിനന്ദനവും പിന്തുണയും ലഭിച്ചതോടെ ദേവികുളം സബ്കളക്ടര്‍ക്കെതിരെ പുതിയ പരാതികളുമായി സി.പി.എം പ്രാദേശിക നേതൃത്വം രംഗത്തെത്തി.  മാധ്യമ ശ്രദ്ധനേടാന്‍ മാത്രം കയ്യേറ്റമൊഴിപ്പിക്കല്‍ നടത്തുന്ന സബ്കളക്ടര്‍ ജനങ്ങളുടെ മറ്റ് പ്രശ്നങ്ങളില്‍ ഒന്നും ഇടപെടുന്നില്ലെന്നാണ് സി.പി.എമ്മിന്റെ പരാതി. വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും സി.പി.എം പ്രാദേശിക നേതൃത്വം

സബ്കളക്ടര്‍ ചാര്‍ജെടുത്ത് ഒരു വര്‍ഷമാകുമ്പോഴും കയ്യേറ്റമൊഴിപ്പിക്കലല്ലാതെ മറ്റൊരു കാര്യവും ചെയ്യുന്നില്ലെന്നാണ് സി.പി.എം പരാതിപ്പെടുന്നത്. 2,700 തോട്ടം തൊഴിലാളികള്‍ക്ക് പത്തു സെന്‍റു ഭൂമി വീതം നല്‍കാന്‍ പട്ടയം അനുവദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഭൂമി അളന്നു തിരിച്ച് നല്‍കിയിട്ടില്ല. കുറ്റിയാര്‍ വാലിയിലാണ് ഭൂമി നല്‍കേണ്ടത്. ഇക്കാര്യം സബ്കളക്ടര്‍ ശ്രദ്ധിക്കുന്നേയില്ലെന്നാണ് സി.പി.എമ്മിന്റെ പ്രധാന പരാതി.  ദേവികുളത്ത് ഒരു മാസത്തോളമായി ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടാനകള്‍ വിലസുന്നു.  ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.  വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് പറയുന്ന മൂന്നാറിലെ സി.പി.എം നേതാക്കള്‍ സാധാരണക്കാരുടെ ഒരു കുടിലു പോലും പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. 
 
സബ്കളക്ടറുടെ അധികാര പരിധിയില്‍ വരുന്ന മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, വട്ടവട തുടങ്ങിയ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.  മറ്റു വകുപ്പുകളുമായി ചേര്‍ന്ന് ഈ പ്രശ്നത്തിലും നടപടി ഒന്നുമെടുക്കുന്നില്ല.  ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് സി.പി.എമ്മിന്റെ തീരുമാനം. എന്നാല്‍ സബ്കളക്ടര്‍ക്കെതിരെ സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും സി.പി.ഐയുമായി കൊമ്പു കോര്‍ക്കാനില്ലെന്നും ഇവര്‍ പറയുന്നു.

click me!