
സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചതിന് കണ്ണൂര്‍ തളിപ്പറമ്പില്‍ ദളിത് വിദ്യാർത്ഥിയെ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. ആലക്കോട് സ്വദേശിയും സർ സയ്യിദ് കോളേജ് വിദ്യാർത്ഥിയുമായ ലാല്‍ജിത്തിനാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തളിപ്പറന്പ് പൊലീസ് പറഞ്ഞു.
തളിപ്പറമ്പിലെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ലാല്‍ജിത്ത് പരീക്ഷ കഴിഞ്ഞ് കോളജിനു പുറത്തെത്തിയപ്പോഴാണ് നാലംഗ സംഘം വളഞ്ഞത്. സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചു കൊണ്ട് നിന്ന ലാല്‍ജിത്തിനെ സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മണിക്കൂറുകളോളം മര്‍ദ്ദനം തുടര്‍ന്നു.
ലാല്‍ജിത്തിന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും 600 രൂപയും തട്ടിയെടുത്ത സംഘം വൈകിട്ടോടെ വീടിന് കിലോമീറ്ററുകള്‍ അകലെ ലാല്‍ജിത്തിനെ ഇറക്കി വിട്ടു. തുടര്‍ന്ന് വീട്ടുകാര്‍ തളിപ്പറന്പ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ശരീരമാസകലം പരിക്കേറ്റ ലാല്‍ജിത്ത് തളിപ്പറന്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam