
ഇരുപതിലധികം യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി മോഹന്‍ കുമാറിന്റെ വധശിക്ഷ കര്‍ണാടക ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. എട്ട് വര്‍ഷം മുമ്പ് മംഗളൂരു സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ശിക്ഷയിളവ് നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കി യുവതികളെ കെണിയില്‍ വീഴ്ത്തും.വിവിധയിടങ്ങളില്‍ ഹോട്ടലുകളിലെത്തിച്ച് ഉപയോഗിക്കും. സയനൈഡ് പുരട്ടിയ ഗര്‍ഭനിരോധന ഗുളിക നല്‍കി കൊലപ്പെടുത്തും, ആഭരണങ്ങള്‍ കവരും, സയനൈഡ് മോഹനെന്ന കുറ്റവാളിയുടെ പതിവായിരുന്നു ഇത്.
32 പേരെ ഇങ്ങനെ കൊന്നുവെന്ന് ഇയാളുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ കണക്ക് 20 കൊലപാതകങ്ങള്‍. അതില്‍ മംഗളൂരുവിലെ ഒരു കേസിലാണ് ഹൈക്കോടതി ശിക്ഷയിളവ് നല്‍കിയിരിക്കുന്നത്.
ബന്ത്വാളിലെ ഇരുപത്തിരണ്ടുകാരിയെ കാണാതായതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മോഹന്‍ കുമാര്‍ പിടിയിലാകുന്നത്. ഹാസന്‍ ബസ്റ്റാന്റിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അവരുടെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ മോഹന്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടത് പൊലീസിനെ ഞെട്ടിച്ച വിവരങ്ങള്‍.മോഹന്‍ കുമാറിനെ വിളിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശിനി പുഷ്പ, മടിക്കേരിയിലെ കാവേരി, ആന്ധ്ര പുത്തൂരിലെ വിനിത എന്നിവരെയും കാണാനില്ലെന്ന് കണ്ടെത്തി.
ഇവരെയെല്ലാം സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന് മോഹന്‍ സമ്മതിച്ചു. കൊല്ലപ്പെട്ടവരെല്ലാം മുപ്പതില്‍ താഴെ പ്രായമുളള യുവതികള്‍. ബസ്റ്റാന്റുകളിലെ ശുചിമുറികളിലാണ് മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്. മൈസൂരുവില്‍ എട്ടെണ്ണം, ബെംഗളൂരു മജസ്റ്റിക്കില്‍ അഞ്ചെണ്ണം. പലതും ആത്മഹത്യയും അസ്വാഭാവിക മരണവുമായി എഴുതിത്തളളിയവ. മോഹന്റെ അറസ്റ്റ് എല്ലാത്തിനും തുമ്പുണ്ടാക്കി.
ആന്ധ്ര സ്വദേശിനിയെ കൊന്ന കേസില്‍ മംഗളൂരുവിലെ കോടതി കഴിഞ്ഞ മാസം ജീവപര്യന്തം വിധിച്ചിരുന്നു. ബന്ത്വാള്‍ കേസില്‍ വധശിക്ഷയും. ഇത് ഇളവ് ചെയ്യാനാണ് ഹൈക്കോടതിയിലെത്തിയത്. യുവതിയുടെ മരണം സയനൈഡ് കഴിച്ചാണെന്നതിനും താനാണ് നല്‍കിയത് എന്നതിനും തെളിവില്ലെന്നായിരുന്നു സയനൈഡ് മോഹന്റെ വാദം. വധശിക്ഷ ഇളവ് ചെയ്‌തെങ്കിലും ഇയാളെ ജയിലിന് പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam