
മോസ്കോ: കണ്ണിമ വെട്ടാതെ എല്ലാവരും നോക്കിയിരിക്കുകയായിരുന്നു. ആ പോരാട്ടത്തെ. ഉറുഗ്വായും പോര്‍ച്ചുഗലും ഏറ്റവും നിര്‍ണ്ണായകമായ ഒരു യുദ്ധത്തിലെന്ന പോലെ പൊരുതുകയായിരുന്നു. ഏഴാം മിനിറ്റില്‍ കവാനിയുടെ ഹെഡറിലൂടെ പിറന്ന ആദ്യ ഗോള്‍ ഉറുഗ്വായുടെ ശക്തമായ സാന്നിദ്ധ്യമുറപ്പിക്കലായിരുന്നു. മറുപടി ചോദിക്കാന്‍ പോര്‍ച്ചുഗലിന് കിട്ടിയ ആദ്യ ഔപചാരിക അവസരമായിരുന്നു റൊണാള്‍ഡോയുടെ ഫ്രീ കിക്ക്. എന്നാല്‍ ആരാധകരെ നിരാശരാക്കി ആ ഷോട്ട് പിഴച്ചു.
55ാം മിനിറ്റില്‍ പെപ്പെയുടെ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ കാലുറപ്പിച്ചു. ഉറുഗ്വായുടെ പോസ്റ്റിന് ചുറ്റുമായിരുന്നു ആക്രമണം മുഴുവന്‍. ഭാഗ്യമില്ലാത്ത ദിനമെന്ന് പോര്‍ച്ചുഗല്‍ ആരാധകര്‍ പിറുപിറുത്തു, അത്രമാത്രം മികച്ച പിഴവുകളായിരുന്നു പോര്‍ച്ചുഗലിന് സംഭവിച്ചത്.
വളരെ വൈകാതെ തന്നെ കവാനി വീണ്ടും പോര്‍ച്ചുഗലിന്‍റെ വല തകര്‍ത്തു. അസാധ്യമായ രണ്ട് ഗോളുകള്‍, അതും പോര്‍ച്ചുഗലിനെതിരെ. ഗോളിന് ശേഷം റൊണാള്‍ഡോയെ പോലെ ഉയരെ ചാടി ആഘോഷിച്ചു കവാനി.
കളി എഴുപതാം മിനിറ്റ് പിന്നിട്ടിരിക്കുന്നു. 2018 ലോകകപ്പിന്‍റെ ഏറ്റവും ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചയിലേക്ക്... കാലിന് പരിക്കേറ്റ കവാനി മടങ്ങുകയാണ്. പെട്ടെന്ന് കവാനിയുടെ അരികിലേക്ക് തിടുക്കത്തിലെത്തുന്ന റൊണാള്‍ഡോ. അരയിലൂടെ കയ്യിട്ട് കവാനിയെ താങ്ങി നടത്തി റൊണാള്‍ഡോ. റൊണാള്‍ഡോയുടെ ചുമലില്‍ കൈ ചേര്‍ത്ത് കവാനിയും. രണ്ട് ഉറ്റ മിത്രങ്ങളെ പോലെ ഗ്രൗണ്ടിന് പുറത്തേക്ക് കരുതലോടെ നടന്നു നീങ്ങി റൊണാള്‍ഡോയും കവാനിയും.
ഗാലറിയില്‍ ക്യാമറകള്‍ ഉയര്‍ന്നു താണു. ആരവങ്ങള്‍ക്കൊപ്പം ആ നിമിഷങ്ങളെ നിശ്ശബ്ദമായി കണ്ട കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ റൊണാള്‍ഡോയെ മനസ്സുകൊണ്ട് വാഴ്ത്തി. മത്സരവും വാശിയും പോരാട്ടവും മാറിനിന്ന ഏതാനും നിമിഷങ്ങള്‍.
ലോകകപ്പ് സ്വപ്‌നം ബാക്കിയാക്കി റഷ്യയില്‍ നിന്ന് റൊണാള്‍ഡോ മടങ്ങുമ്പോള്‍ ആരാധകര്‍ പരസ്പരം ഇന്ന് ഏറ്റവുമധികം പങ്കുവച്ചത് ഈ ചിത്രമാണ്. സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു റൊണാള്‍ഡോയും കവാനിയും. നാടകീയമായ കളിയുടെ അവസാന ശ്വാസം വരെ പിടിച്ചുനിന്നെങ്കിലും പോരാടിത്തോറ്റ പോര്‍ച്ചുഗലിന് 2018 ലോകകപ്പിന്‍റെ ഓര്‍മ്മയ്ക്കായി എന്നത്തേക്കും കാത്തുവയ്ക്കാന്‍ ഈ നിമിഷങ്ങള്‍ ധാരാളം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam