
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കിയതിൽ എതിർപ്പ് ശക്തം. തീരുമാനത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെ രംഗത്തെത്തി. മോഹൻലാൽ വന്നാൽ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് ജൂറി അംഗം ഡോക്ടർ ബിജു പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുന്ന അമ്മയുടെ പ്രസിഡണ്ടിനെ സർക്കാർ എന്തിന് മുഖ്യാതിഥിയാക്കി എന്നാണ് വിമർശകരുടെ ചോദ്യം.
കഴിഞ്ഞ ദിവസം സംഘാടക സമിതി യോഗത്തിൽ സാംസ്ക്കാരിക മന്ത്രി എ.കെ ബാലനാണ് മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. പിന്നാലെ ചേർന്ന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പ് ഉയർന്നു. ഇടത് അനുകൂല സിനിമാപ്രവർത്തകനും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായി വികെ ജോസഫ് സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹൻലാലിനെ ഇടത് സർക്കാർ സ്വീകരിച്ച് ആനയിക്കുന്നതിനെയാണ് ഡോക്ർ ബിജു ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നത്. സർക്കാർ നിലപാടിൽ ഡബ്ള്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്ന് പറയുമ്പോഴം സിപിഎം അമ്മയെ പൂർണ്ണമായും തള്ളിയിരുന്നില്ല. അമ്മ-ഡബ്ള്യുസിസി തർക്കത്തിൽ മധ്യസ്ഥതക്കില്ലെന്നാണ് സർക്കാറിന്റെ നിലപാട്. സർക്കാർ ശരിക്കും ആർക്കൊപ്പമാണെന്ന് സംശയം ആവർത്തിച്ചാണ് അമ്മ വിരുദ്ധ സിനിമാ ചേരി വിമർശനം ശക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam