ലാലുവിന്റെ മകന്റെ കല്യാണത്തിനെത്തിയവര്‍ ഭക്ഷണത്തിനായി ഇടിച്ചുകയറി, ഭക്ഷണം പാത്രത്തോടെ മോഷ്ടിച്ചു കടത്തി

By Web DeskFirst Published May 13, 2018, 3:11 AM IST
Highlights

ആളുകളുടെ തള്ളിക്കയറ്റത്തില്‍ പാത്രങ്ങളും ടേബിളുകളും തകര്‍ന്നു. ആര്‍ജെഡി നേതാക്കള്‍ വടികയെടുത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നിഷ്ഫലമായി.

പറ്റ്ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹവേദിയില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. തേജ്പ്രതാപും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റോയിയുടെ മകള്‍ ഐശ്വര്യ റോയിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. തേജ്‌പ്രതാപും ഐശ്വര്യയും വരണമാല്യം ചാര്‍ത്തിയ ഉടന്‍ വിവാഹത്തിനെത്തിയവര്‍ ഭക്ഷണം തയാറാക്കിവെച്ചിരുന്നിടത്തേക്ക് ഇടിച്ചുകയറയതോടെ വിവാഹസല്‍ക്കാരം അലങ്കോലമായി. ചിലര്‍ കൈയില്‍കിട്ടിയ ഭക്ഷണപാത്രങ്ങളുമായി കടന്നുകളഞ്ഞു. ഇതോടെ വിവാഹത്തിനെത്തിയ പലരും ഭക്ഷണം കഴിക്കാതെ മടങ്ങി.

അതിനിടെ വിഐപികള്‍ക്കും മാധ്യമങ്ങള്‍ക്കമായി തയാറാക്കിയ പ്രത്യേക മേഖലയിലേക്കും ആളുകള്‍ കൂട്ടത്തോടെ ഇടിച്ചുകയറിയതോടെ വിവാഹസല്‍ക്കാരം ആകെ അലങ്കോലമായി. ഭക്ഷണമൊരുക്കുന്നതിന്റെ കരാറെടുത്ത ഇവന്റ് മാനേജ്മെന്റ് സ്ഥാപനം ഏഴായിരത്തോളം പേര്‍ക്കാണ് ഭക്ഷണം തയാറാക്കിയിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ആര്‍ജെഡി പ്രവര്‍ത്തകരെന്ന് കരുതുന്ന ആളുകള്‍ കൂട്ടത്തോടെ ഭക്ഷണത്തിനായി കൂട്ടത്തോടെ ഇടിച്ചുകയറുകയായിരുന്നു.

ആളുകളുടെ തള്ളിക്കയറ്റത്തില്‍ പാത്രങ്ങളും ടേബിളുകളും തകര്‍ന്നു. ആര്‍ജെഡി നേതാക്കള്‍ വടികയെടുത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നിഷ്ഫലമായി. ഇതിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ആര്‍ജെഡി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. പലരുടെയും ക്യാമറകളും പ്രവര്‍ത്തകര്‍ കേടുവരുത്തി. ഭക്ഷണം കഴിക്കാനെത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യത്തില്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്നമായത്.

ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ പാലിക്ക്, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വന്‍, ശരദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.ജെ.പി. എം.പി.മാരായ ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, എന്‍.സി.പി. നേതാവ് പ്രഫുല്‍ പട്ടേല്‍, തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്, എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

click me!