
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട കെ.എസ്.ആർ.ടിസിക്ക് ഇരുട്ടടിയായി നോട്ട് പ്രതിസന്ധിയും. ചില്ലറ ക്ഷാമം വന്നതോടെ പ്രതിദിനം 35 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഇന്ധന കുടിശ്ശികയായ 100 കോടി രൂപ ഉടൻ നൽകിയില്ലെങ്കിൽ എണ്ണവിതരണം നിർത്തുമെന്ന് കമ്പനികൾ നോട്ടീസ് നൽകിയതിനിടയിലാണ് പ്രതിസന്ധിയുടെ ആഴം കൂട്ടി വരുമാന നഷ്ടവും.
പൊതുവെ ദുർബല, പോരാത്തതിന് ഗർഭിണിയും ഇതാണ് നോട്ട് ക്ഷാമം വന്നപ്പോഴുള്ള കെ.എസ്.ആർ.ടിസിയുടെ നില. നോട്ട് പിൻവലിച്ചതിന് ശേഷം ആദ്യ ദിവസം തന്നെ 39 ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തിൽ വന്നത്. ഈ മാസം 10 ന് വരുമാനനഷ്ടം 50 ലക്ഷമായി. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ കുറവാണ് കെ.എസ്.ആർ.ടിസിക്കുണ്ടാക്കുന്നത്. ഈ നില തുടർന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആർ.ടിസി എത്തും. യാത്രക്കാർ പലരും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുമായാണ് ബസ്സിൽ കയറുന്നത്.
ചില്ലറ മടക്കി നൽകാനില്ലാത്തതിനാൽ യാത്രക്കാർ ഇറങ്ങുന്നു. ഇതുവഴി പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരുടെ കുറവ് സംസ്ഥാനത്ത് ആകെയുണ്ടായി. ഒക്ടോബർ മാസത്തെ പെൻഷൻ ഇന്ന് വിതരണം ചെയ്യാനായില്ല. എന്ന് പെൻഷൻ കൊടുക്കാനാകുമെന്ന് ഉറപ്പില്ലാത്ത നിലയിലാണ്. പോരാത്തതിന് ഇന്ധന പ്രതിസന്ധിയും രൂക്ഷമാണ്. 100 കോടി രൂപയാണ് ഡീസലടിച്ച വകയില്‍ ഐ.ഒസി.ക്ക് നൽകാനുള്ളത്. കുടിശ്ശിക നൽകിയില്ലെങ്കിൽ എണ്ണവിതരണം പൂർണ്ണമായും നിർത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് പരിഹരിച്ച് സർവ്വീസ് മുടങ്ങാതെ മുന്നോട് പോകാനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോഴത്തെ വരുമാന നഷ്ടവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam