
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രതിയെ ദിവസങ്ങൾക്കകം നാട്ടിലെത്തിച്ച കേരള പൊലീസിന് സൈബർ ഗുണ്ടായിസത്തിനെതിരെ ചെറുവിരലനക്കാൻ കഴിയുന്നില്ല. വീട്ടമ്മമാർ മാത്രമല്ല വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ സൈബറാക്രമണത്തിന് ഇരയായിട്ടും നടപടി അകലെയാണ്.
പരിധികളില്ലാത്ത വ്യക്തിഹത്യക്കാണ് സൈബർ ഇടങ്ങൾ വേദിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജറോമിനേയം സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചവരെ പിടികൂടാന്‍ കേരള പൊലീസിന് സാധിച്ചെങ്കിലും വ്യാജ ഐഡികളില്‍ നിന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം ചെറുക്കാന്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
അപകടകാരികളായ ഓൺലൈൻ ഗ്രൂപ്പുകളെക്കുറിച്ച് സഹപ്രവർത്തകൻ ഇട്ട പോസ്റ്റിൽ ടാഗ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥ ഇന്നും നേരിടുന്നത് അതിരൂക്ഷമായ സൈബര്‍ ആക്രമണം ആണ്. സംഭവം നടന്ന ജൂൺ 25 മുതൽ ഇപ്പോള്‍ വരെ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റി ഫെയ്സ്ബുക്കിൽ നടക്കുന്നത് അസഭ്യവർഷമാണെന്ന് പൊലീസ് ഉദ്യോഗസ്ഥയായ അജിത സംസാരിക്കുന്നു.
അപകീർത്തി പോസ്റ്റുകൾക്കെതിരെ ആലുവ റൂറൽ എസ്പിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥ. മുഖ്യമന്ത്രിയെയും വനിതാ നേതാവിനെയും അപകീർത്തിപ്പെടുത്തിയതിന് കോഴിക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റുണ്ടായിട്ടില്ല.