
ദില്ലി: വിവാഹ വെബ്സൈറ്റിൽ പരിചയത്തിലായ യുവതിയിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി 8.48 ലക്ഷം രൂപ തട്ടിയെടുത്തു. കിഴക്കൻ ദില്ലിയിലെ മധുവിഹാർ സ്വദേശിനിയായ 32കാരിയാണ് സൈബർ തട്ടിപ്പിനിരയായത്. ഇവർ കഴിഞ്ഞ ഡിസംബറിൽ പ്രമുഖ വിവാഹ വെബ്സൈറ്റിൽ പ്രൊഫൈൽ രജിസ്റ്റർ ചെയ്തിരുന്നു.
രാജേഷ് അഹൂജ എന്ന് പരിചയപ്പെടുത്തിയയാളിൽ നിന്ന് യുവതിയുടെ പ്രൊഫൈലിൽ അപേക്ഷ ലഭിച്ചു. മുംബൈ സ്വദേശിയാണെന്നും സിറിയയിൽ ദന്ത ഡോക്ടറായി ജോലി ചെയ്യുകയാണെന്നും പരിചയപ്പെടുത്തിയാണ് ഇയാൾ അപേക്ഷിച്ചത്. ഇരുവരുടെയും സംസാരം വൈകാതെ വാട്സാപ്പിലേക്ക് മാറി. തന്നെ സിറിയയിലെ യു.എൻ ഡോക്ടർമാരുടെ സംഘത്തിൽ ആറ് ആഴ്ചത്തെ ജോലിക്കായി നിയമിച്ചതായും തിരികെ വന്നിട്ട് വിവാഹം ചെയ്യാമെന്നും ഇയാൾ യുവതിക്ക് വാഗ്ദാനം നൽകി.
ഒരാഴ്ചക്ക് ശേഷം അഹൂജ യുവതിയെ വിളിക്കുകയും അവൾക്കായി ഒരു മോതിരം വാങ്ങിയതായും അറിയിച്ചു. അത് സ്വീകരിക്കാൻ യുവതി വിസമ്മതിച്ചു. എന്നാൽ അത് സിറിയയിൽ നഷ്ടപ്പെടുമെന്ന ഭയം പറഞ്ഞ അഹൂജ താൻ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് വരെ സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. യുവതി ദില്ലിയിൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ വിലാസം പാർസൽ അയക്കാനായി നൽകി. പിന്നീട് ഒരു കൊറിയർ കമ്പനിയിൽ നിന്ന് യുവതിക്ക് ഇ.മെയിൽ സന്ദേശം ലഭിച്ചു.
52000 ഡോളർ വിലമതിക്കുന്ന മോതിരം പാർസൽ ആയിവന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടിയായി 58000 രൂപ അടയ്ക്കണമെന്നും നിർദേശിച്ചു. യുവതി ആരോപണ വിധേയന്റെ അക്കൗണ്ടിലേക്ക് തുക കൈമാറി. ഇതിന് ശേഷം സെക്യൂരിറ്റി തുകയായി 798000 രൂപ അടക്കണമെന്നും ഇത് രണ്ട് ദിവസം കൊണ്ട് തിരികെ ലഭിക്കുമെന്നും പറഞ്ഞു.
ആദ്യം മടിച്ചുനിന്ന യുവതി തന്റെ കൈയിൽ അത്രയും തുകയില്ലെന്ന് പറഞ്ഞു. ഒരു ലക്ഷം രൂപ താൻ അടക്കാമെന്നും ബാക്കി തുക അടക്കാനും തട്ടിപ്പ് നടത്തിയവൻ യുവതിയോട് പറഞ്ഞു. ഇതെ തുടർന്ന് യുവതി കുടുംബാംഗങ്ങളിൽ നിന്ന് പണം വാങ്ങി തട്ടിപ്പുനടത്തിയവന്റെ അക്കൗണ്ടിലേക്ക് കൈമാറി. തുടർന്ന് 3.98 ലക്ഷം രൂപ ഭീകരവിരുദ്ധ വകുപ്പിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി നൽകണമെന്ന് പറഞ്ഞ് മെയിൽ ലഭിച്ചതോടെ യുവതിക്ക് സംശയമായി.
പിന്നീട് മുംബൈയിലെ കസ്റ്റംസിൽ നിന്ന് എന്ന് പരിചയപ്പെടുത്തിയ യുവതി വിളിച്ച് പണം അടക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി (ഇൗസ്റ്റ് ) ഒാംവീർ സിങ് ബിഷ്ണോയ് പറഞ്ഞു. മാട്രിമോണിയൽ വെബ്സൈറ്റിനായി ഉപയോഗിച്ച വിവരങ്ങളും ഫോൺ നമ്പറുകളും ഇ.മെയിൽ ഐ.ഡികളും പൊലീസ് പരിശോധിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam