
ഖത്തര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ സഹായിക്കാന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഉദ്യോഗസ്ഥര്‍ ഖത്തറില്‍ ക്യാമ്പ് ചെയ്യുന്നതായും സൂചനയുണ്ട്.
കഴിഞ്ഞ മാസം 23 ന് അര്‍ധരാത്രി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത അജ്ഞാതര്‍ ഭരണാധികാരികളുടെ പേരില്‍ തെറ്റായ പ്രസ്താവനകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ ഖത്തര്‍ അമീറിന്റേതായി വന്ന പ്രസ്താവനകള്‍ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും വലിയ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഖത്തറിനെതിരെ സൗദി അറേബ്യയും യുഎഇയും പരസ്യമായി രംഗത്തു വന്നതും ഖത്തറില്‍ നിന്നുള്ള അല്‍ജസീറ ടെലിവിഷന് ചില ഗള്‍ഫ് നാടുകളില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതും അതീവ ഗൗരവത്തിലാണ് ഖത്തര്‍ നോക്കി കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി ഖത്തറിനെതിരെ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചത്. അമേരിക്കയും ഇസ്ലാമിക രാജ്യങ്ങളും തമ്മില്‍ രണ്ടാഴ്ച മുന്‍പ് റിയാദില്‍ വച് നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ കൈവരിച്ച സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ മനഃപൂര്‍വ്വമുള്ള ശ്രമമായാണ് സംഭവത്തെ രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഖത്തര്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും ഈ ദശകത്തിലെ ഏറ്റവും നാണം കേട്ട സൈബര്‍ ആക്രമണത്തിന് തങ്ങള്‍ വിധേയമാവുകയായിരുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി തന്നെ പിന്നീട് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് തങ്ങളുടെ നിലപാട് വിശദീകരിച്ചിരുന്നു. അന്വേഷണത്തിന് പുറമെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് ചര്‍ച്ച ചെയ്തു പരിഹരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഖത്തറിന് പിന്നാലെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam